ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. കൊറോണ രോഗത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടത്തിയ മന്ത്രി തല ചര്‍ച്ചക്കു ശേഷമാണ് ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. ചില പ്രദേശങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോത് കൂടുതലാണെന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെകുറിച്ച് വിദഗ്ദര്‍ വീണ്ടും ഉറപ്പു നല്‍കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമാണ്. കൊറോണ കേസുകളില്‍ ഇന്ത്യ മൂന്നാമതായി പറയുന്നു. എന്നാല്‍ അതില്‍ ഒരു കാര്യം കൂടി ശ്രദ്ദിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 767296 കേസുകളില്‍ 476377 പേര്‍ ഇതിനോടകം സുഖം പ്രാപിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 62.08 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കൊറോണ മരണങ്ങള്‍ 21129ല്‍ എത്തി. കഴിഞ്ഞ 24 മണിക്കുറിനിടെ 24879 പുതിയ കേസുകളും 487 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പുതിയ കൊറോണ കേസുകളില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്ര , തമിഴ്‌നാട്, ഡെല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ്.