തമിഴ്നാട് വൈദ്യുതി മന്ത്രി പി. തങ്കമണിക്ക് കൊറോണ

ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രിയും മുതിർന്ന എഐഎഡിഎംകെ നേതാവുമായ പി. തങ്കമണിക്ക് കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു.
തമിഴ്‌നാട്ടിൽ രോ​ഗം സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയും ആറാമത്തെ എഐഎഡിഎംകെ നിയമസഭാംഗവുമാണ് പി. തങ്കമണി. മുൻപ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അൻപഴകന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

എംഎല്‍എമാരായ കെ. പളനി (ശ്രീപെരുമ്പത്തൂര്‍), അമ്മന്‍ കെ. അര്‍ജുനന്‍ (കോയമ്പത്തൂര്‍ സൗത്ത്), എന്‍. സദന്‍ പ്രഭാകര്‍ (പരമക്കുടി), കാമരാജുരു (ഉദുമല്‍പേട്ട്) എന്നിവര്‍ക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ ബി. വളര്‍മതിക്ക് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡിഎംകെ. എംഎല്‍എമാരായ കെ.എസ്. മസ്താന്‍ (ഗിഞ്ചി), ആര്‍.ടി. അരശ് (ചെയ്യൂര്‍), വസന്തം കെ. കാര്‍ത്തികേയന്‍ (ഋഷിവന്ദിയം), ജെ. അന്‍പഴകന്‍ (തിരുവല്ലിക്കേനി – ചെപ്പോക്ക്) എന്നിവര്‍ക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

ജെ. അന്‍പഴകന്‍ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. അതേസമയം, തമിഴ്‌നാട്ടിൽ കൊറോണ കേസുകൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ചെന്നൈയിൽ നിന്നാണ്.