ന്യൂഡെൽഹി: കൊറോണ രോഗ ബാധയിൽ നിന്നും മോചിതനായ ബിജെപി വക്താവ് സംബിത് പത്ര പ്ലാസ്മ ബാങ്കിലേക്ക് തന്റെ പ്ലാസ്മ ദാനം ചെയ്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സേവാഭാവ് എന്ന മന്ത്രം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും പ്ലാസ്മ ദാനം ചെയ്യാൻ യോഗ്യരായവർ അതിനായി മുന്നോട്ട് വരണമെന്നും നിങ്ങളുടെ ഈ പ്രവർത്തിയിലൂടെ ഒരാളുടെ എങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് പ്ലാസ്മ ബാങ്ക് തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിപ്പ് നൽകിയത്. സന്നദ്ധരായവരോട് മുന്നോട്ട് വരുവാനും പ്ലാസ്മ ദാനം സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഗുരുതരമായി രോഗം ബാധിച്ചവർക്ക് പ്ലാസ്മ ബാങ്ക് തുറക്കുന്നതോടെ ആവശ്യമുള്ള ചികിത്സ നൽകാനാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.