ഖാലിസ്ഥാനായി റഫറണ്ടം ; 40 വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

ന്യൂഡെൽഹി: ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) 40 വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ച് ഇവയുടെ പ്രവർത്തനം തടഞ്ഞു. സിഖുകാർക്ക് പ്രത്യേക ജന്മനാട് ‘ഖാലിസ്ഥാൻ’ ആവശ്യപ്പെട്ട് ‘റഫറണ്ടം 2020’ ജൂലൈ 4 മുതൽ ഈ വെബ് സൈറ്റുകളിലൂടെ ആരംഭിക്കാൻ എസ്‌എഫ്‌ജെ തീരുമാനിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകൾ നിരോധിച്ചത്

ഇന്ത്യയിലെ സൈബർ ഇടം നിരീക്ഷിക്കുന്നതിനുള്ള നോഡൽ അതോറിറ്റിയായ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് എസ്‌എഫ്‌ജെയുടെ 40 വെബ്‌സൈറ്റുകൾ തടഞ്ഞത്. കഴിഞ്ഞവർഷം കേന്ദ്രം നിരോധിച്ച സംഘടനയാണ് എസ്‌എഫ്‌ജെ.

1955 ൽ ദർബാർ സാഹിബിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട സിഖുകാരുടെ സ്മരണയ്ക്കായാണ് എസ്‌എഫ്‌ജെ ഖാലിസ്ഥാൻ കാമ്പയിൻ സമർപ്പിച്ചത്. ഇതിനായി റഷ്യൻ പോർട്ടൽ വഴിയാണ് എസ്‌എഫ്‌ജെ പഞ്ചാബിൽ വോട്ടർ രജിസ്ട്രേഷൻ ആരംഭിച്ചത്.  18 വയസോ അതിൽ കൂടുതലോ പ്രായമുള്ള പഞ്ചാബിലെ സിഖുകാരോടും ഇന്ത്യയിൽ എവിടെയും താമസിക്കുന്ന സിഖുകാരോടും ഈ പ്രസ്ഥാനത്തിന് വോട്ട് രേഖപ്പെടുത്താൻ ഇതിൽ അഭ്യർത്ഥിച്ചിരുന്നു.

രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിൽ ഇംഗ്ലീഷ്, പഞ്ചാബി ഭാഷകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ വോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള മൂന്ന് ഘട്ടങ്ങളും ‘റഫറണ്ടം 2020’ നെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനുള്ള സൈനപ്പും സെറ്റിൽ പരാമർശിച്ചിരുന്നു.

വിഘടനവാദ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രധാന പ്രചാരകനായ ഗുർപത്വന്ത് സിംഗ് പന്നുവിനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇയാളെക്കൂടാതെ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ വാധവ സിംഗ് ബബ്ബർ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ ലഖ്‌ബീർ സിംഗ്, രഞ്ജിത് സിംഗ്, ഭൂപീന്ദർ സിംഗ് ഭിന്ദ, ഗുർമിത് സിംഗ് ബഗ്ഗ, ജർമ്മനി ആസ്ഥാനമായുള്ള ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സിലെ പരംജിത് സിംഗ് , ഖാലിസ്ഥാൻ ടൈഗർ സേനയിലെ ഹർദീപ് സിംഗ് നിജ്ജാർ, യുകെ ആസ്ഥാനമായുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ പരംജിത് സിംഗ് എന്നിവരെയും തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

1967 ലെ യു‌എ‌പി‌എയ്ക്ക് കീഴിലുള്ള നിയമവിരുദ്ധമായ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൻ്റെ വെബ്‌സൈറ്റുകൾ തടയുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശുപാർശയോടെ ഐടി ആക്റ്റ് 2000 ലെ സെക്ഷൻ 69 എ പ്രകാരമാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്.