ഡെൽഹിയിൽ മൃഗ സംരക്ഷണ പ്രവർത്തകർക്കെതിരേ ആക്രമണം; വാഹനം അടിച്ചു തകർത്തു

ന്യൂഡെൽഹി: ഡെൽഹിയിൽ മൃഗ സംരക്ഷണ പ്രവർത്തകർക്ക് എതിരെ ആക്രമണം. വാഹനം അടിച്ചു തകർത്തു. അക്രമികളുടെ മർദ്ദനത്തിൽ രക്തമൊഴുകുന്ന ചിത്രങ്ങൾ പ്രചരിച്ചു. നൈബർഹുഡ് വൂഫ് എന്ന സന്നദ്ധ സംഘടനക്ക്‌ നേരെയാണ് ആക്രമണം ഉണ്ടായത്. റാണിബാഗിൽ തെരുവ് നായ്ക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വന്നതായിരുന്നു ഇവർ.

സംഭവത്തെക്കുറിച്ച് സംഘടനയുടെ സ്ഥാപകയും മുഖ്യ പ്രവർത്തകയുമായ അയേഷ ക്രിസ്റ്റീന ആസാദ്പൂർ പോലിസ് സ്റ്റേഷനിൽ ഷൂട്ട് ചെയ്ത വീഡിയോയിലൂടെ വിശദീകരിച്ചു. തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ എത്തിയ തന്നോടും സഹപ്രവർത്തകരോടും പ്രദേശവാസികൾ അപമര്യാദയായി സംസാരിച്ചതായും
മർദ്ദിച്ചതായിയും അവർ വീഡിയോയിൽ പറഞ്ഞു.

അയേഷയുടെ മുഖത്തും വസ്ത്രത്തിലും രക്തം പുരണ്ടതായി വീഡിയോയിൽ വ്യക്തമാണ്. എല്ലാ ദിവസവും ഇത്തരത്തിൽ അപമനങ്ങൾ നേരിടേണ്ടി വരാറുണ്ട്. പ്രതികരിച്ചതോടെയാണ് അക്രമത്തിൽ കലാശിച്ചത് എന്നും അയേഷ പറഞ്ഞു. പരിക്കേറ്റ സഹപ്രവർത്തകരെയും അവർ വീഡിയോയിൽ കാണിച്ചു. കൂടാതെ പോലിസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നതും അക്രമികൾ തകർത്ത കാറും ഇവർ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

ഡെൽഹി വനിതാ കമ്മിഷൻ ചെയർ പേഴ്സൺ സ്വാതി മലിവാൽ ഉൾപെടെ നിരവധി പേർ സംഭവത്തിൽ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അവർ പറഞ്ഞു. ആക്രമണകാരികൾക്കെതിരെ ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി ഡെൽഹി പോലീസ് അറിയിച്ചു.