ഡെൽഹിയിൽ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ജൂനിയർ ഡോക്ടർ മരിച്ചു

ന്യൂഡെൽഹി: കൊറോണ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ജൂനിയർ ഡോക്ടർ മരിച്ചു. ഡെൽഹി മൗലാന അസദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ജൂനിയർ ഡോക്ടറായിരുന്ന അഭിഷേക്(27) ആണ് മരിച്ചത്. ഓറൽ സർജറി വിഭാഗത്തിലായിരുന്നു അഭിഷേക് ജോലി ചെയ്തിരുന്നത്. സ്വദേശമായ റോത്തക്കിലേക്ക് പോയി വന്ന ശേഷമാണ് ഇദ്ദേഹത്തിന് രോ​ഗ ലക്ഷണങ്ങൾ പ്രകടമായത്. ഇദ്ദേഹത്തിന് രണ്ട് തവണ കൊറോണ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ജൂൺ അവസാനമാണ് അഭിഷേകിന് ആദ്യ കൊറോണ പരിശോധന നടത്തിയത്. തുടർന്ന് ജൂലൈ ഒന്നിന് രണ്ടാമതും പരിശോധന നടത്തി. രണ്ടും നെഗറ്റീവായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെസ്റ്റ് സ്പെഷ്യലിസ്റ്റിനെ സമീപിച്ചിരുന്നു. എക്സറേ എടുത്തതിന് ശേഷം നെഞ്ചിൽ ഇൻഫെക്ഷൻ ഉണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ചെസ്റ്റ് ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ മാത്രമല്ല ഇതെന്നും ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും അഭിഷേക് പറഞ്ഞിരുന്നതായി സഹോദരൻ അമാൻ വ്യക്തമാക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പനി കൂടി അഭിഷേക് ബോധരഹിതനായി. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച അഭിഷേക് പിന്നീട് മരിക്കുകയായിരുന്നു. തനിക്ക് കൊറോണ വൈറസ് ബാധ ഏറ്റിരുന്നുവെന്നാണ് അവസാന നിമിഷം വരെ അഭിഷേക് വിശ്വസിച്ചിരുന്നത്. മരണ കാരണം വ്യക്തമായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റ്മോർട്ടം ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.