മുംബൈ: നവിമുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കൊറോണ ബാധിതനായ 64 കാരന് ഒരു ദിവസം മുഴുവൻ ആംബുലൻസിൽ കഴിയേണ്ടി വന്നു. ഇയാൾക്ക് ജൂൺ 20-നാണ് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടത്. അപ്പോൾ തന്നെ നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ കൊറോണ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ കിടക്കയില്ലാത്തതിനെ തുടർന്ന് രോഗിയെ മറ്റേതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് അധികൃതർ പറഞ്ഞു.
വിവിധ ആശുപത്രികളിൽ രോഗിയുമായി കയറിയിറങ്ങിയെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. രോഗിയുടെ നില വഷളായതിനെ തുടർന്ന് മകൻ ആംബുലൻസ് വിളിച്ച് അച്ഛനെ അതിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവിന് ഓക്സിജൻ ആവശ്യമായിരുന്നതിലാണ് ആംബുലൻസിന്റെ സഹായം തേടിയതെന്ന് ഇയാൾ പറയുന്നു.
രോഗിയെ അടുത്ത ദിവസം കോപർ ഖെയ്റെയ്ൻ മേഖലയിലുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 32,000 രൂപ വിലവരുന്ന ഒരു കുത്തിവയ്പ്പെടുക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വീണ്ടും എൻഎംഎംസിയെ സമീപിച്ചു. എന്നാൽ അധികൃതർ സഹായിക്കാൻ തയ്യാറായില്ലെന്ന് ഇയാൾ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലുദിവസങ്ങൾക്കുള്ളിൽ പിതാവ് മരിക്കുകയും ചെയ്തു. മറ്റൊരുരോഗിയും ഇതേ അവസ്ഥയിൽ മരിക്കാതിരിക്കാനാണ് ഇക്കാര്യം താൻ പുറംലോകത്തെ അറിയിച്ചതെന്നും മകൻ വെളിപ്പെടുത്തി.