ആൻഡമാനിൽ സൈനിക വിന്യാസം കൂട്ടാൻ തീരുമാനിച്ച് ഇന്ത്യ

ന്യൂഡെൽഹി: ലഡാക്കിലെ മോദി സന്ദർശനത്തിന് പിന്നാലെ ആൻഡമാനിൽ സൈനിക വിന്യാസം കൂട്ടാൻ തീരുമാനിച്ച് ഇന്ത്യ. ഇന്ത്യൻ മഹാ സമുദ്ര മേഖലയിൽ ചൈനയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് പുതിയ നീക്കം. ചർച്ചകൾ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ കാവലിന്റെ ആവശ്യം ഇവിടെ ഇല്ല എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ആൻഡമാനിൽ സൈനിക നടപടികൾ ആവശ്യമായി വന്നതിനാൽ ആണ് പുതിയ തീരുമാനം.

അതേ സമയം ലഡാക്കിൽ നടത്തിയ പ്രധാന മന്ത്രിയുടെ പ്രസ്താവനക്ക് ചൈന മറുപടി നൽകി. അതിർത്തിയിലെ സാഹചര്യം സങ്കീർണമാക്കരുത് എന്നാണ് ചൈനയുടെ പ്രതികരണം. ഇന്ത്യൻ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തരുത് എന്നും ചൈന കൂട്ടിച്ചേർത്തു. ചൈനക്ക് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാനും മുന്നോട്ട് വന്നിട്ടുണ്ട്. ഇന്നലെ ലഡാക്കിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് കടുത്ത മുന്നറിയിപ്പാണ് നൽകിയത്.

അതിർത്തി വിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ ഒറ്റപ്പെട്ട ചരിത്രമേ ഉള്ളൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മാതൃരാജ്യം സംരക്ഷിക്കാൻ ഇന്ത്യൻ സൈനികരോടൊപ്പം ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.