താജ്മഹല്‍, ചെങ്കോട്ട, കുത്തബ്മീനാര്‍ അടക്കമുള്ള സ്മാരകങ്ങള്‍ തിങ്കളാഴ്ച്ച മുതൽ തുറക്കും

ന്യൂഡെല്‍ഹി: താജ്മഹല്‍, ചെങ്കോട്ട, കുത്തബ്മീനാര്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലുള്ള സ്മാരകങ്ങള്‍ തിങ്കളാഴ്ച്ച മുതൽ തുറക്കാന്‍ തീരുമാനമായി. മൂവായിരത്തോളം സ്മാരകങ്ങളാണ് തിങ്കളാഴ്ച്ച തുറക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ദ്രാലയത്തിന്റെ തീരുമാനം. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സന്ദര്‍ശകര്‍ക്ക് അനുമതിയെന്നു സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ അറിയിച്ചു.

മാസ്‌ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം വിനോദ സഞ്ചാരികള്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്മാരകങ്ങള്‍ മാര്‍ച്ചില്‍ അടച്ചത്. എഎസ്ഐ യുടെ കീഴിലുള്ള 820 ഓളം മതപരമായ സ്ഥലങ്ങള്‍ അണ്‍ലോക്ക് ഒന്നാം ഘട്ടത്തില്‍ തുറന്നിരുന്നു.