ഉത്തർപ്രദേശിൽ ​ഗുണ്ടാരാജ്; കാൺപൂരിൽ പൊലീസുകാർ കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: കാൺപൂരിൽ പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ​ഗാന്ധി. ഉത്തർപ്രദേശിലെ ഗുണ്ടാരാജിന് തെളിവെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പൊലീസുകാർക്ക് പോലും സുരക്ഷയില്ലാത്തപ്പോൾ പൊതുജനങ്ങൾക്ക് എങ്ങനെയാണ് സുരക്ഷ ലഭിക്കുന്നതെന്നും രാഹുൽ ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ഉത്തർപ്രദേശിൽ ഗുണ്ടാ സംഘം നടത്തിയ വെടിവയ്പിൽ എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. 12ഓളം പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. 2001ൽ ശിവ്ലി പൊലീസ് സ്റ്റേഷനിൽ മുൻ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബേയ്ക്ക് വേണ്ടിയുള്ള റെയ്ഡിനിടെയായിരുന്നു വെടിവയ്പ്. ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയും വെടിവയ്പിൽ കൊല്ലപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് രാഹുൽ അനുശോചനം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാർ കൊല്ലപ്പെട്ടെന്ന വാർത്താഭാഗവും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെത്തിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.