കൊറോണക്കെതിരേ ഇന്ത്യ വികസിപ്പിച്ച “കോവാക്സിൻ ” ഓഗസ്റ്റ് 15 ന് വിതരണത്തിന് എത്തും

ന്യൂഡെൽഹി: തദ്ദേശീയമായി വികസിപ്പിച്ച കൊറോണ വാക്സിൻ ആഗസ്റ്റ് 15 ന് വിതരണത്തിന് എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസി എംആർ). ക്ലിനിക്കൽ പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി മറി കടന്നാൽ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയിൽ മരുന്നിന്റെ പ്രഖ്യാപനവും ഉണ്ടാകും.

എത്രയും വേഗത്തിൽ വാക്സിൻ വിപണിയിൽ കൊണ്ട് വരാനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആർ ധാരണയിലെത്തി. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ആണ് ഇക്കാര്യം അറിയിച്ചത്. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം സ്വാതന്ത്ര്യ ദിനത്തിൽ വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എന്നാലും പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും വാക്സിന്റെ വിജയം എന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി തദ്ദേശമായി നിർമിച്ച വാക്സിൻ ആണ് ഇത്. ബിബിവി152 എന്ന കോഡിലുള്ള കൊറോണ വാക്സിന് കോവാക്സിൻ എന്നാണ് പേരിട്ടിരിക്കുന്നത്. മരുന്നിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉള്ള പരീക്ഷണത്തിന് ഐസിഎംആർ കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

ഐസിഎംആറിന്റെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ജൂലായ് ഏഴോടെ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് ബൽറാം ഭാർഗവ പറഞ്ഞു.