മത്സ്യത്തൊഴിലാളികളെ ഇറ്റലിക്കാർ വെടിവെച്ചുകൊന്ന കേസ് ; നഷ്ടപരിഹാരമാകാമെന്ന് അന്താരാഷ്ട്ര കോടതി

ന്യൂഡെൽഹി: കേരള തീരത്ത് രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചു കൊന്ന കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ നിർണ്ണായക വിധി. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണൽ നീരീക്ഷിച്ചു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്രസർക്കാർ ആർബിട്രേഷൻ ട്രൈബ്യൂണൽ പ്രഖ്യാപിച്ചു. ഇറ്റലിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയും ഇറ്റലിയും പരസ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിംഗിനായി സമീപിക്കാമെന്നും പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ ഉത്തരവിട്ടു.

2012 ലാണ് ഇറ്റലിയൻ കപ്പലായ എൻട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ടത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം