ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടി; ഡിജിറ്റല്‍ രംഗത്തെ മിന്നലാക്രമണം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടി ഡിജിറ്റല്‍ രംഗത്തെ മിന്നലാക്രമണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.പശ്ചിമബംഗാളില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണരേഖയിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിത നടപടി സ്വീകരിച്ചത്. ടിക് ടോക്, ഹലോ, യുസി ന്യൂസ് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. ഇതിന് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതിനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഇത് ഡിജിറ്റല്‍ രംഗത്തെ മിന്നലാക്രമണമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നും സമാധാനത്തിന് വേണ്ടി നിലക്കൊളളുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ദുഷ്ടലാക്കോടെ ആരെങ്കിലും കടന്നുക്കയറാന്‍ ശ്രമിച്ചാല്‍ തക്ക മറുപടി നല്‍കുമെന്നും കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രി പറഞ്ഞു.