കശ്മീരിലെ മൂന്ന് വയസ്സുകാരന്റെ ഫോട്ടോ പ്രചരിപ്പിച്ച സംഭവം; നിയമവിരുദ്ധമെന്ന് ആംനസ്റ്റി

കശ്മീർ: കശ്മീരിലെ സോപോറില്‍ കൊല്ലപ്പെട്ട 60 വയസ്സുകാരനായ മുത്തച്ഛന്റെ നെഞ്ചിലിരുന്ന് കരയുന്ന മൂന്ന് വയസുകാരന്‍റെ ഫോട്ടോയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു. പൊലീസ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇടപ്പെട്ട ആംനസ്റ്റി ഇന്ത്യ അധികൃതര്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെ പ്രായം കുറഞ്ഞ ദൃക്സാക്ഷിയുടെ ഫോട്ടോ പങ്കുവെക്കുന്നത് ജുവൈനല്‍ ജസ്റ്റിസ് ആക്ട് 2015ലെ ആര്‍ട്ടിക്കിള്‍ 74ന്‍റെ ലംഘനമാണെന്ന് ആരോപിച്ചു.

കശ്മീര്‍ പൊലീസിന്‍റെ കശ്മീര്‍ സോണ്‍ പൊലീസ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് ഇന്നലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ പൊലീസ് പോസ്റ്റ് ചെയ്തത്. ബഷീര്‍ അഹമ്മദിന്‍റെ കൊലപാതകത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെയാണ് കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചതിനെതിരെ പ്രതിഷേധം കനക്കുന്നത്.

ആരാണ് കുട്ടി മുത്തച്ഛന്‍റെ നെഞ്ചിലിരുന്ന് കരയുന്ന കുഞ്ഞിന്‍റെ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല. സുരക്ഷാസേനയിലെ ആരെങ്കിലുമാവുമെന്നാണ് നിഗമനം. സൈനിക ഓപ്പറേഷന് മൊബൈല്‍ ഫോണുമായി പോകുന്നത് തെറ്റാണെന്നും സൈനികര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഐജിപി വിജയ് കുമാര്‍ അറിയിച്ചു.

സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരന്‍ പറയുന്നത് പൊലീസാണ് മുത്തച്ഛനെ വെടിവെച്ചതെന്നാണ്. ദ വയര്‍ ആണ് കുട്ടിയുമായുള്ള സംഭാഷണം പുറത്തുവിട്ടത്. മുത്തച്ഛന് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്പോള്‍ പൊലീസ് എന്നും മറുപടി. ബഷീറിന്‍റെ കുടുംബം ഇന്നലെ തന്നെ സൈന്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറില്‍ നിന്നും വലിച്ചിറക്കി വെടിവെയ്ക്കുകയായിരുന്നുവെന്നും ബഷീറിന്റെ മകന്‍ പറഞ്ഞു.

എന്നാല്‍ സുരക്ഷാസേന ബഷീറിനെ വെടിവെച്ച് കൊന്നു എന്ന ബഷീറിന്‍റെ കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കശ്മീര്‍ റെയ്ഞ്ചിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ വിശദീകരിച്ചു. ഭീകരരുടെ ഭീഷണി കാരണമാണ് കുടുംബം ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതെന്നും സൈന്യം കുട്ടിയെ രക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.