അണ്‍ലോക്കിന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍; ജാഗ്രതയും നിയന്ത്രണവും തുടരും

ന്യൂഡെൽഹി/തിരുവനന്തപുരം: അണ്‍ലോക്കിന്റെ രണ്ടാംഘട്ടം ഇന്നുമുതല്‍. കേന്ദ്രനിര്‍ദേശങ്ങള്‍ അംഗീകരിച്ച് കൂടുതല്‍ ഇളവുകളോടെ കേരളം ഉത്തരവിറക്കി. അന്തര്‍ സംസ്ഥാനയാത്രയ്ക്ക് പാസോ പെര്‍മിറ്റോ ഏര്‍പ്പെടുത്തരുതെന്നാണ് കേന്ദ്രനിര്‍ദേശം. ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലൈ 31 വരെ കര്‍ശനമായ ലോക്ഡൗണ്‍ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവില്‍ പറയുന്നു. ഇവിടങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കൂടുതല്‍ നടപടികളെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ജാഗ്രതാ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ വഴിയുളള നിയന്ത്രണം നടപ്പാക്കുന്നത് ബുധനാഴ്ച ചേരുന്ന അവലോകനയോഗം ചര്‍ച്ച ചെയ്യും.

അൺലോക്ക് ഡൗൺ രണ്ടാം ഘട്ടം നിലവിൽ വരുമ്പോഴും രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 19,000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ടാംഘട്ട അൺലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേപടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും. അന്തർസംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിർദേശം. ബസ് ചാർജ്ജ് വർദ്ധന അജണ്ടയിലില്ലെങ്കിലും അജണ്ടക്ക് പുറത്തുള്ള വിഷയമായി വരാനും സാധ്യതയുണ്ട്. നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ശുപാർശയാണ് ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെയും ഉന്നത തല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അൺലോക്ക് ഡൗൺ രണ്ടാം ഘട്ട ഇളവുകളും നിലവിൽ വന്നു. രാത്രി കർഫ്യു 10 മണി മുതൽ 5 മണി വരെയാക്കി കുറച്ചു. 65 വയസ്സ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങാനുള്ള നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ വഴി അധ്യയനം തുടരണമെന്നാണ് കേന്ദ്രം നിർദേശിക്കുന്നത്.

തുറക്കുന്നവയും തുറക്കാത്തവയും

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന കേന്ദ്രങ്ങള്‍ ജൂലൈ 15 മുതല്‍ തുറക്കും. ഇതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ വരും.

സ്‌കൂള്‍, കോളജുകള്‍, വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്ര, മെട്രോ റെയില്‍, സിനിമാ തിയേറ്റര്‍, ജിം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം, മത, രാഷ്ട്രീയ, കലാകായിക വിനോദ സമ്മേളനങ്ങള്‍, വലിയ കൂട്ടം ചേരലുകള്‍ ഇവയൊന്നും അനുവദിക്കില്ല.

രാത്രി കര്‍ഫ്യൂ തുടരും

രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ തുടരും. വ്യവസായ ശാലകളുടെ പ്രവര്‍ത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. കര്‍ഫ്യൂ ഉറപ്പാക്കാന്‍ 144ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കം നിയമ നടപടികള്‍ സ്വീകരിക്കാം.

ആരോഗ്യപരമായ കാരണങ്ങള്‍ക്കും അത്യാവശ്യ സേവനങ്ങള്‍ക്കും സാധങ്ങള്‍ക്കും വേണ്ടിയല്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്ര അനുവദിക്കില്ല.

ബഫര്‍ സോണിലും നിയന്ത്രണങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് രോഗം പടരാന്‍ സാധ്യതയുള്ള ബഫര്‍സോണുകള്‍ വിജ്ഞാപനം ചെയ്ത് ജില്ലാ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം.

65 വയസ്സിന് മുകളിലുള്ളവര്‍, പത്തു വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവര്‍ വീടുകളില്‍ത്തന്നെ കഴിയണം.

അതേസമയം കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാർഗ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി . ആരോഗ്യ വിദഗ്ദർ ആശങ്കപ്പെട്ടതുപോലെ തന്നെ കൊറോണ തീവ്രതയിലേക്കാണ് ജൂലൈ മാസത്തിലെത്തുമ്പോൾ രാജ്യം പോകുന്നത്. സംസ്ഥാനങ്ങളുടെ കണക്ക് പ്രകാരം മരണം 17, 000 കടന്നു.

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 4878 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,74,761 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ തുടർച്ചയായ രണ്ടാം ദിവസമാണ് നാലായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം ദില്ലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂവ്വായിരത്തിനു മുകളിൽ റിപ്പോർട്ട് ചെയ്തിടത്ത് രണ്ട് ദിവസമായി രണ്ടായിരത്തി ഇരുന്നൂറിനടത്തു കേസുകൾ മാത്രം.