ന്യൂഡെല്‍ഹി: അതിര്‍ത്തി പ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ടിക്‌ടോക്ക് ബ്ലോക്ക് ചെയ്തു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത വിധമാണ് ബ്ലോക്ക് ചെയ്തത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഇനി മുതല്‍ ടിക്ക്‌ടോക്ക് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ടിക്‌ടോക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ രാജ്യത്ത് ഇതു ലഭ്യമല്ല എന്ന സന്ദേശമാണ് പ്ലേസ്‌റ്റോറില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നത്.
ടിക്‌ടോക് കൂടാതെ യു കാം, യു സി ബ്രൗര്‍, ഹെലോ എന്നിവയുള്‍പ്പെടെ ചൈനയിലുള്ളതോ ചൈനക്കു വേണ്ടി മുതല്‍മുടക്കുള്ളതോ ആയ കമ്പനികളുടെ 59 ഓളം അപ്ലിക്കേഷനുകള്‍ക്കാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധനം ഏര്‍പ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ആപ്പുകളും നീക്കം ചെയ്യുമെന്നാണ് അറിയുന്നത്. 2000 ത്തിലെ സാങ്കേതിക വിദ്യാ നിയമം 69 എ വകുപ്പുപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകളെ നിരോധിച്ചത്. ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ആവശ്യവും കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.
ആപ്പുകളെ സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയാണ് അധികവും എന്ന് ഐടി മന്ത്രാലയം പറയുന്നു. ഉപയോക്താക്കളില്‍ നിന്നും നിയമപരമായി അല്ലാതെ ശേഖരിക്കുന്ന ഡേറ്റ ഇത്തരം ആപ്പുകള്‍ വിദേശത്തേക്ക് കടത്തുന്നു എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. അതേസമയം ടിക്‌ടോക് അടക്കമുള്ള ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കുന്നുവെന്നു ടിക്‌ടോക് ഇന്ത്യയുടെ ചെയർമാൻ നിഖില്‍ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളുമായി പങ്കുവക്കാറില്ലെന്നും ഭാവിയില്‍ അവര്‍ ആവശ്യപ്പെട്ടാലും ഇതു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വിശദീകരണം നല്‍കുന്നതിനായി അദ്ദേഹം ഇന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ കാണും.