ചികിൽസ നിഷേധിച്ചു; മൂന്നുവയസുകാരൻ മരിച്ചു; കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് അച്ഛൻ

ന്യൂഡെൽഹി: ആശുപത്രിയിൽ ചികിൽസ നിഷേധിച്ചതിനെ തുടർന്ന് മൂന്നുവയസുകാരൻ മരിച്ചു. ചികിത്സ ലഭിക്കാതെ മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അച്ഛൻ നിലത്തുകിടന്നു കരയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവയ്ക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നാണ് ഈ ഹൃദയഭേദകമായ കാഴ്ച. ചിത്രം പുറത്തുവന്നതിന് പിന്നാലെ ആശുപത്രിക്കെതിര പ്രതിഷേധം ശക്തമായി.

ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയിലാണ് സംഭവം. പ്രേംചന്ദ്, ആശാദേവി ദമ്പതികളുടെ മൂന്നു വയസുകാരനായ മകന്‍ അഞ്ജുവിന്റെ മൃതദേഹം കെട്ടിപ്പിടിച്ചാണ് പ്രേംചന്ദ് പൊട്ടി കരഞ്ഞത്.

കടുത്ത പനിയുമായാണ് ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയെ നോക്കാൻ ഡോക്ടർ തയാറായില്ല. മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലുണ്ടായിരുന്നവർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഡോക്ടർമാർ കുട്ടിയ നോക്കാൻ തയാറായി. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കുട്ടി ഗുരുതരാവസ്​ഥയിൽ ആയിരുന്നിട്ടും 90 കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപ​ത്രിയിലേക്ക്​ കൊണ്ടുപോകാനാണ്​ ഡോക്​ടർമാർ നിർദേശിച്ചതെന്ന്​ മാതാപിതാക്കൾ പറയുന്നു. അതേസമയം, ഈ ആരോപണങ്ങൾ തെറ്റാണെന്നാണ്​ ആശുപത്രി-ജില്ലാ അധികൃതരുടെ വിശദീകരണം.

ലഖ്​നോയിൽ നിന്ന് 123 കിലോമീറ്റർ അകലെയുള്ള കന്നൗജിൽ നിന്ന്​ ഞായറാഴ്​ച വൈകീട്ട്​ പകർത്തിയതാണ്​ ഹൃദയഭേദകമായ ഈ വിഡിയോ. പ്രേംചന്ദും ആശാദേവിയും കടുത്ത പനിയും തൊണ്ടയിൽ മുഴയുമായാണ്​ മകൻ അനുജുമായി ആശുപത്രിയിലെത്തിയത്​.

45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന്​ മാതാപിതാക്കൾ ആ​രോപിക്കുന്നു. കുഞ്ഞിനെ കാൺപുരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ തൻ്റെ കൈയ്യില്‍ പണമില്ലെന്ന്​ പറഞ്ഞതായും ​പ്രേംചന്ദ് വ്യക്​തമാക്കി. ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലര്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായതെന്നും അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചതായും പ്രേംചന്ദ് പറഞ്ഞു.

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ്​ അധികൃതര്‍ പറയുന്നത്​. ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ശിശുരോഗ വിദഗ്​ധൻ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ചികിത്സ നിഷേധിക്കപ്പെട്ടതായി കരുതുന്നില്ലെന്നാണ്​ കന്നൗജ്​ ജില്ലാ മജിസ്​ട്രേറ്റ്​ രാകേഷ്​ കുമാർ മിശ്ര പറഞ്ഞു.