അനന്ത്‌നാഗില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇപ്പോഴും രണ്ടിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്നാണ് റിപ്പോർട്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ നിന്ന് എകെ 47 തോക്കും പിസ്റ്റലുകളും കണ്ടെടുത്തു. പ്രദേശത്തെ സംഘർഷം ഇപ്പോഴും തുടരുകയാണ്.

ദക്ഷിണ കാശ്മീരിലെ ഖുല്‍ ഛോഹര്‍ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വാർത്തകളെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലുകൾക്കിടയിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ജമ്മുവിലെ അവന്തിപോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ സംഘർഷത്തിൽ രണ്ടു ഭീകരരെയും സൈന്യം വധിച്ചിരുന്നു.
ബഗ്ധാമിൽ സൈന്യം നടത്തിയ തിരച്ചിലിൽ അഞ്ച് ഭീകരരെ പിടികൂടുകയും ചെയ്തു.

കിഴക്കൻ ലഡാക്കിലെ ഇന്ത്യ – ചൈന സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ ഉള്ള ഭീകരരുടെ നുഴഞ്ഞു കയറ്റവും തുടരുകയാണ്.