ഏതു നിമിഷവും എന്തും സംഭവിക്കാം; അതിർത്തിയിൽ ഇന്ത്യയും ചൈനയും മുഖാമുഖം

ന്യൂഡെല്‍ഹി : അതിര്‍ത്തിയില്‍ സംഘർഷാവസ്ഥയ്ക്ക് അയവില്ല. പലവട്ടം ചർച്ചകൾ നടന്നെങ്കിലും ചൈന വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ലെന്ന സൂചന പുറത്തു വന്നതോടെ ഇന്ത്യ തികഞ്ഞ ജാഗ്രതയിലാണ്. കൂടുതല്‍ സൈന്യത്തെയും ആയുധങ്ങളും വിന്യസിച്ച് ഇന്ത്യയും ചൈനയും വിന്യസിച്ചു കഴിഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളിലാണ് ചൈന സുഖോയ് 30 ഉള്‍പ്പെടെയുള്ള പോര്‍വിമാനങ്ങള്‍ വിന്യസിച്ചത്. അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകല വ്യവസ്ഥ പാലിച്ച് ഈ വിമാനങ്ങളും ചൈനീസ് ഹെലികോപ്റ്ററുകളും പറക്കുന്നുണ്ടായിരുന്നു. ദൗലത്ത് ബേഗ് ഓള്‍ഡീ, ഗാല്‍വന്‍ ( പി. പി 14 ), ഹോട്ട് സ്പ്രിംഗ്‌സ് (പി. പി 15), ഗോഗ്ര ഹൈറ്റ്‌സ് (പി. പി 17), പാംഗോങ് മലനിരകള്‍ (ഫിംഗര്‍ 4) എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ പറക്കലുകള്‍ നടത്തി. ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളുമായി നിരീക്ഷണപ്പറക്കല്‍ നടത്തി.

ചൈനയുടെ നടപടിക്ക് മറുപടിയായി ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ കവചം വിന്യസിച്ചു. ശത്രുവിന്റെ പോര്‍വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നല്‍ വേഗത്തില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ‘ആകാശ്’ മിസൈലുകള്‍ അടങ്ങുന്നതാണ് ഈ സന്നാഹം. റഷ്യയില്‍ നിന്ന് ഉടന്‍ ലഭിക്കുന്ന വിമാന വേധ എസ് 400 ട്രയംഫ് മിസൈലുകളും ലഡാക്കില്‍ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എല്ലാ പഴുതുകളും അടച്ച് ഇന്ത്യന്‍ പോര്‍വിമാനങ്ങളും പൂര്‍ണ ആയുധ സജ്ജമായി നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.

ചൈന ആക്രമണത്തിനു മുതിർന്നാൽ നേരിടുന്നതിനായി കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലേക്ക് (എൽ.എ.സി.) ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെയും ഇന്ത്യ അയച്ചു. വടക്കൻ ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ 2013-ൽ ചൈനയുമായി സംഘർഷമുണ്ടായതിനുശേഷം ഇപ്പോഴാണ് ഇത്രവലിയ സൈനികസന്നാഹത്തെ ഇന്ത്യ അയക്കുന്നത്. കാലാൾപ്പടയ്ക്കൊപ്പം യുദ്ധ ടാങ്കുകൾ, തോക്കുകൾ, വ്യോമപ്രതിരോധ തോക്കുകൾ, അമേരിക്കയിൽനിന്ന് പുതുതായി വാങ്ങിയ അപ്പാച്ചിയുൾപ്പെടെയുള്ള ആക്രമണ ഹെലികോപ്റ്ററുകൾ എന്നിവയും അയച്ചിട്ടുണ്ട്.

അതിർത്തിക്കപ്പുറത്തെ സ്വന്തം പ്രദേശത്തു നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ആക്രമാസക്തമായ പെരുമാറ്റമുണ്ടായിട്ടില്ലെന്ന് ഇന്ത്യൻ സൈനികോദ്യോ​ഗസ്ഥൻ അറിയിച്ചു. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ സ്വന്തം സ്ഥലത്തുതന്നെയാണുള്ളത്. അതിനാൽ അവർ നേർക്കുനേർ വരുന്നില്ല. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ദീർഘകാലം ചെലവഴിക്കാൻ കരസേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കിഴക്കൻ ലഡാക്കിൽ പാംഗോങ്‌ തടാകതീരത്ത്‌ ചൈന ഹെലിപ്പാഡ്‌ നിർമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്‌. ഫിംഗർ 4 മേഖലയിൽ രണ്ടു മാസമായി ഹെലിപ്പാഡ്‌ നിർമാണം നടക്കുന്നു. ഗൽവാൻ നദിയുടെ കരയിൽ ഒമ്പത്‌ കിലോമീറ്ററിനുള്ളിൽ ചൈനീസ്‌ സേനയുടെ 16 ക്യാമ്പുകൾ‌ പ്രവർത്തിക്കുന്നുണ്ടെന്നും ഉപഗ്രഹദൃശ്യങ്ങൾ സ്ഥിരീകരിച്ചു.

പാംഗോങ്‌ തടാകവും ഇതിന്റെ വടക്കുഭാഗത്തെ തീരവും തർക്കമേഖലയാണ്‌. ഫിംഗർ നാലിൽ ഇരുസേനയും അരക്കിലോമീറ്റർ മാത്രം അകലത്തിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. ഇന്ത്യക്ക് തന്ത്രപ്രധാനമായ ദർബൂക്ക്‌–-ദൗലത്‌ ബേഗ്‌ ഒൽദി ദേശീയപാതയിൽനിന്ന്‌ ആറ്‌ കിലോമീറ്റർ മാത്രം അകലെ ചൈനീസ്‌ സൈന്യം എത്തിയിട്ടുണ്ട്‌. ഈ റോഡിന്റെ നിർമാണത്തോടെ മേഖലയിൽ ഏതു പ്രതികൂല കാലാവസ്ഥയിലും എത്തിച്ചേരാൻ ഇന്ത്യൻ സേനയ്‌ക്ക്‌ കഴിയും.അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പഴയതുപോലെ സംയമനത്തിൻ്റെ നിലപാട് ഇനി ഇന്ത്യൻ സൈന്യമെടുക്കി ല്ലെന്നാണ് സൂചന.