ഇന്ത്യയിൽ ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങില്ല

ന്യൂഡെൽഹി: കൊറോണ പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും. ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നേരത്തെ ജൂലൈ ആദ്യവാരം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അതേസമയം രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഉടനില്ലെന്ന് റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാധാരണ നിലയുള്ള ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ റദ്ദാക്കി കൊണ്ടാണ് റെയിൽവേ ഉത്തരവിറക്കിയത്. കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. അതേസമയം, നിലവിലുള്ള പ്രത്യേക തീവണ്ടികളും രാജധാനി എക്സ്പ്രസുകളും അതുവരെ സർവീസുകൾ തുടരുമെന്ന് റെയിൽവേ അറിയിച്ചു.