പട്‌ന /ലക്നൗ: കഴിഞ്ഞ രണ്ട് ദിവസമായി ബിഹാറിലും ഉത്തർപ്രദേശിലുമുണ്ടായ ശക്തമായ ഇടിമിന്നലിൽ 115 പേർ മരിച്ചു. ബിഹാറിൽ 83 പേരാണ് മിന്നലേറ്റ് മരിച്ചത്. ഉത്തർപ്രദേശിൽ 32 പേർക്കാണ് ഇടിമിന്നലിൽ ജീവൻ നഷ്ടമായത്.നിരവധി വീടുകൾ മിന്നലേറ്റു തകർന്നു. വസ്തുവകകൾക്കും വ്യാപക നാശനഷ്ടമുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു.
ബിഹാറിലെ 23 ജില്ലകളിലാണ് ഇടിമിന്നലിൽ ഇത്രയധികം മരണമുണ്ടായത്. ഗോപാൽഗഞ്ചിൽ മാത്രം13 പേർ മരിച്ചു.
ഇടിമിന്നലിൽ പരിക്കേറ്റ് ഇരുപതിലേറെ പേർ ആശുപത്രികളിൽ ചികിൽസയിലാണ്. സംഭവത്തിൽ അതീവദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ വേണ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചു.
അതേ സമയം മരിച്ചവരുടെ ആശ്രിതർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടം പരിഹാരം നൽകാൻ നിർദേശിച്ചു.
അതേസമയം, പ്രതികൂല കാലാവസ്ഥ കുറച്ച് ദിവസത്തേക്ക് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേപ്പാളിന്റെ അതിർത്തിയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ 38 ജില്ലകളിലും ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.