ജമ്മു കശ്മീരിലെ സോപാറയിൽ നാല് ഭീകരരെ സൈന്യം പിടികൂടി

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ നാല് ഭീകരരെ പിടികൂടി. നാലു ലഷ്‌കര്‍ ഇതോയ്ബ ഭീകരരാണ്‌ വലയിലായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ സോപാറയിലാണ് സംഭവം. പോത്ക മുക്കം, ചാന്‍പോറ അതൂറ എന്നിവിടങ്ങളിലാണ് സേനകള്‍ സംയുക്തമായി തെരച്ചില്‍ നടത്തിയത്. ഭീകരര്‍ ഒളിച്ച് ഇരിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍. പ്രദേശം വളഞ്ഞാഞ്ഞ് ഭീകരരെ കീഴ്‌പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാനാണ് ജീവന്‍ നഷ്ടമായത്. വെടിയേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. രണ്ട് എ കെ 47 തോക്കുകളും പിടിച്ചെടുത്തുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.