ന്യൂഡെല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു. ഡല്‍ഹിയില്‍ 79.88 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോള്‍ വില 79.76 രൂപ.
പതിനെട്ടു ദിവസം തുടര്‍ച്ചയായി വില വര്‍ധന വന്നതോടെയാണ് ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നത്. ഇന്ന് ഡീസല്‍ വില കൂടിയെങ്കിലും പെട്രോള്‍ വിലയില്‍ മാറ്റമില്ല.
ആഗോള തലത്തില്‍ പലയിടത്തും ഡീസല്‍ വില പെട്രോളിനേക്കാള്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ പെട്രോള്‍ വിലയായിരുന്നു മുകളില്‍. ഡീസലിന് കുറവു നികുതി ചുമത്തുന്നതാണ് രാജ്യത്തെ വില പെട്രോളിനെ അപേക്ഷിച്ചു കുറയാന്‍ കാരണം. ഇന്ത്യയിലും അടിസ്ഥാന വിലയില്‍ ഡീസലാണ് മുന്നില്‍.
ചരക്കു നീക്കത്തിന് ഗണ്യമായി ആശ്രയിക്കുന്ന ഇന്ധനം എന്ന നിലയില്‍ അവശ്യ വസ്തു വില നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണ് ഡീസലിനുള്ളത്. ഇതു കൂടി കണക്കിലെടുത്താണ് രാജ്യത്ത് കുറഞ്ഞ നികുതി ചുമത്തുന്നത്.