ന്യൂഡെൽഹി: യോഗ പരിശീലിക്കുന്നവർക്ക് കൊറോണ രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കേന്ദ്ര ആയുഷ്മന്ത്രിയും ബിജെപി നേതാവുമായ ശ്രീപദ് നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യത്തും ലോകമെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തെ സഹായിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് പിടിഐയോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ ആഗോളതലത്തിൽ യോഗ പ്രചരിപ്പിക്കുന്നത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതുപോലെ യോഗ അഭ്യസിക്കുന്നവർക്ക് രോഗബാധയ്ക്കുള്ള സാധ്യതയും വളരെ കുറവാണ്. യോഗാഭ്യാസം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വസന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൊറോണ പോലെയുള്ള മഹാരോഗങ്ങളെ പ്രതിരോധിക്കാനും യോഗയിലൂടെ സാധിക്കുന്നുവെന്ന് ശ്രീപദ് നായിക് പറഞ്ഞു.