ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല : നരേന്ദ്ര മോദി

ന്യൂഡെൽഹി: ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമെന്ന് മോദി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പതിനഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാംദിനം പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗ മുക്തി നിരക്ക് കൂടുതലാണ്. രോഗത്തിനെതിരായ രാജ്യത്തിന്‍റെ പോരാട്ടം രോഗ വ്യാപനം കുറച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് ടെലി മെഡിസിന്‍ ചികിത്സാ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് ഇനി ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പതിനായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പേര്‍ രോഗ ബാധിതരായി. മരണം പതിനൊന്നായിരത്തി തൊള്ളായിരത്തി മൂന്നായി ഉയര്‍ന്നു. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരത്തി മൂന്ന് പേര്‍ മരിച്ചതായാണ് കണക്ക്. മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങള്‍ നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവിട്ടതാണ് മരണ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. മഹാരാഷ്ട്ര 1328 പേരുടെ മരണവും ഡെൽഹി 437 പേരുടെ മരണവുമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്.