ചൈനീസ് ഭക്ഷണങ്ങൾ വിൽക്കുന്ന എല്ലാ ഹോട്ടലുകളും അടപ്പിക്കണം; പ്രതിഷേധവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നത്. ഈ സാഹചര്യത്തിൽ കടുത്ത പ്രതിഷേധവുമായി കേന്ദ്രമന്ത്രിയും രം​ഗത്തെത്തി. ചൈനീസ് ഭക്ഷണങ്ങൾ വിൽക്കുന്ന റസ്റ്ററന്റുകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അഠാവ്‌ലെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ചൈനയുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

വഞ്ചിക്കുന്ന രാജ്യമാണ് ചൈന. ചൈന നിർമിതമായ എല്ലാ വസ്തുക്കളും ഇന്ത്യ നിരോധിക്കണം. ഇന്ത്യയിൽ ചൈനീസ് ഭക്ഷണങ്ങൾ വിൽക്കുന്ന എല്ലാ ഹോട്ടലുകളും റസ്റ്ററന്റുകളും അടപ്പിക്കണമെന്നും അഠാവ്‌ലെ ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിലെ സൂറത്തിൽ ചൈനീസ് ടിവി സെറ്റുകൾ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണു ജനങ്ങൾ പ്രതിഷേധിച്ചത്. ആളുകൾ കൂട്ടം കൂടിനിന്നു ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു.