ഇന്ത്യയിൽ കൊറോണ മരണം പതിനായിരം കടന്നു; 24 മണിക്കൂറിനിടെ നഷ്ടമായത് 2003 പേരുടെ ജീവൻ

ന്യുഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിലെ കൊറോണ മരണങ്ങൾ 2003. ഇതോടെ രാജ്യത്തെ മരണസംഖ്യ പതിനായിരം കടന്ന് 11882 ആയി. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ 5537 ലേക്ക് ഉയർന്നു.

മഹാരാഷ്ട്രയിലെ കഴിഞ്ഞ ദിവസങ്ങളിലെ 1328 മരണങ്ങൾ കൂടി കൊറോണ കണക്കിൽ ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യ കുതിച്ചുയർന്നത്.
കൊറോണ ചികിത്സയിൽ ഇരിക്കുന്ന വിവിധ കാരണങ്ങളാൽ മരിച്ചവരെ കൂടി കൊറോണ കണക്കിൽ ഉൾപ്പെടുത്തണം എന്ന ഐ സിഎംആർ മാനദണ്ഡം അനുസരിച്ച് 1328 മരണങ്ങൾ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തിയതായി ചീഫ് സെക്രട്ടറി അജോയ് മേത്ത അറിയിച്ചു. ഇതിൽ 862 പേരും മുംബയിൽ നിന്നാണ്.

അതേ സമയം 10,974 പുതിയ കേസുകളുമാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊറോണ കേസുകളുടെ എണ്ണം 3,54,065 ആയി. ഏറ്റവും കൂടുതൽ കൊറോണ ബാധിതരും കൊറോണ മരണങ്ങളും നിലവിൽ മഹാരാഷ്ട്രയിൽ ആണ്. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 48,019 ആയി ഉയർന്നു. 528 പേർ ഇവിടെ മരിച്ചു. ഡെൽഹിയിൽ 44,688 രോഗബാധിതർ ഉണ്ട്. ഗുജറാത്തിലും രോഗികളുടെ എണ്ണം വർധിക്കുന്നു. 24,577 പേരാണ് ഇവിടെ രോഗബാധിതർ.