സ്‌കൂളില്‍ എത്തുന്നവരെ അണു വിമുക്തമാക്കും; ആയുര്‍വേദ സാനിറ്റൈസേഷന്‍ ടണല്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍

ബംഗാള്‍: പശ്ചിമ ബംഗാളിലെ ഇസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ എത്തുന്നവരെ അണു വിമുക്തമാക്കുന്നതിനായി ആയുര്‍വേദ സാനിറ്റൈസേഷന്‍ ടണല്‍ നിര്‍മിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. മേമാരി ക്രൈസ്റ്റ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സാനിറ്റൈസേഷന്‍ ടണലുമായി രംഗത്തു വന്നിരിക്കുന്നത്.

ഒരേ സമയം പന്ത്രണ്ട് പേരേ ടണലിനുള്ളില്‍ അണുവിമുക്തമാക്കാമെന്ന് സ്‌ക്കൂള്‍ അധികുതർ പറഞ്ഞു. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്‌ക്കൂളിലെ ടെക്‌നോളജി വര്‍ക്ക്‌ഷോപ്പിലാണ് വിദ്യാര്‍ഥികള്‍ ടണല്‍ നിര്‍മിച്ചത്. ടണലില്‍ പ്രവേശിക്കുന്നവരിലേക്ക് ഹെര്‍ബല്‍ അണുനാശിനി ഓട്ടോമാറ്റിക്ക് ആയി തളിക്കുന്ന രീതിയിലാണ് ടണല്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

സാധാരണയായി സോഡിയം ഹൈപ്പോക്ലോറൈറ്റ് ആണ് അണുനാശിനി ആയി ഉപയോഗിക്കുന്നത്. എന്നാല്‍ ആളുകളില്‍ ഇതിന്റെ അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. ഹെര്‍ബല്‍ സാനിറ്റൈസര്‍ അത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനു മുന്‍പ് കൊല്‍ക്കത്തയിലെ ബിര്‍ള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയത്തില്‍ ഒരു ആയുര്‍വേദ സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു.