പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് യോഗത്തിന് ; കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന വിഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല. ഇന്നലെ രാത്രിയാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തെ അറിയിച്ചത്. സംസാരിക്കാന്‍ അവസരമില്ലാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുമോയെന്നു വ്യക്തമല്ല.

ഇന്നു വൈകിട്ട് മൂന്നിനാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. പകുതി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്നു ചര്‍ച്ച നടത്തുക. ശേഷിച്ച സംസ്ഥാനങ്ങളുമായി നാളെയാണ് യോഗം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ലോക്ക് ഡൗണ്‍ എന്നിവ എങ്ങനെ മുന്നോട്ടുകൊണ്ടുപോവണം എന്നതു സംബന്ധിച്ചാണ് ചര്‍ച്ച.

ഏഴു സംസ്ഥാനങ്ങള്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരമെന്ന് രാത്രി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഏഴു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സംസാരിക്കാന്‍ അവസരമുണ്ടാവും.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ഇന്നത്തെ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസാരിക്കാന്‍ അവസരമില്ലാത്ത സാഹചര്യത്തില്‍ ഇതില്‍ മാറ്റമുണ്ടാവുമെന്നാണ് സൂചന. സംസാരിക്കാന്‍ അവസരമില്ലാത്ത, നേരത്തെ നടന്ന വിഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഇന്നത്തെ യോഗത്തില്‍നിന്നും അദ്ദേഹം വിട്ടുനില്‍ക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.