ഉണ്ണിക്കുറുപ്പ്…
തിരുവനന്തപുരം : ഞാൻ ചേർന്നു; നിങ്ങളോ. റമ്മി കളിച്ച് പണമുണ്ടാക്കാം. അത്യാകർഷകമായ പരസ്യം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ പലരും ചികയുന്നത് ഇതിൽ പരിചയക്കാരും വേണ്ടപ്പെട്ടവരും ഉണ്ടോയെന്നാണ്. ഈ പരിശോധന കഴിഞ്ഞ് പരിചയക്കാർ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് പലരും എടുത്ത് ചാടും.
അനുഭവസ്ഥർ പറയുന്നത് ആദ്യ കളികളിൽ യാതൊരു മുൻപരിചയമില്ലാത്തവനും പണം നേടുമെന്നാണ്. ആവേശത്തിൽ കളി മൂക്കും. പിന്നെ അതൊരു പാതാളക്കുഴിയായി മാറും. വിദ്യാർഥികൾ ,യുവാക്കൾ, ബിസിനസുകാർ, ഉദ്യോഗസ്ഥർ, മദ്യപാനികൾ ….. എല്ലാവരും കെണിയിൽ വീണ് ജീവിതം അവസാനിപ്പിച്ചവർ ഏറെ. ജീവിതം മടുത്തുവെന്നാണ് അവസാനം എല്ലാവരും പറയുന്നത്. ഇവർക്കെന്തു പറ്റിയെന്ന് പോലും ആരും അറിയില്ല.
“ചീട്ടുകളിച്ച് കടക്കെണിയില്‍ കുടുങ്ങിയ മലയാളി വിജയവാഡയില്‍ ജീവനൊടുക്കി “. രണ്ട് വർഷം മുമ്പ് വന്ന ഒരു പത്രവാർത്തയാണിത്
മുപ്പത്തിരണ്ടുകാരനായ ഉദയനാണ് മരിച്ചത്. താമസിക്കുന്ന മുറിയില്‍ ഉറക്ക ഗുളിക കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്നിഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്ന ഉദയന്‍ ഓണ്‍ലൈന്‍ ചീട്ടുകളിക്ക് അടിമയായിരുന്നുവെന്ന് കൂടെ താമസിച്ചവര്‍ പറഞ്ഞു. ഓണ്‍ലൈനില്‍ റമ്മി കളിക്കുന്ന സൈറ്റില്‍ ആയിരുന്നു ഇയാള്‍ കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയ ശേഷമാണ് ഇയാളുടെ പുതിയ ശീലം തുടങ്ങിയതെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഉദയൻ്റെ മരണത്തിന് ഉത്തരവാദികളായവരുടെ മേൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഉദയനെപ്പോലെ എത്രയോ പേർക്കാണ് ജീവനും പണവും നഷ്ടമായത്.
ലോക്ക്ഡൗണ്‍ പ്രതിസന്ധി മുതലെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചീട്ടുകളി തഴച്ചുവളരുകയാണ്. ലാഭം പ്രതീക്ഷിച്ച് കളിക്കിറങ്ങി പണം നഷ്ടമായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിവേലക്കാര്‍ വരെയുള്‍പ്പെടുന്നു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഇത്തരത്തില്‍ പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്. വലിയ വീമ്പിയ്ക്കുന്ന പോലീസോ അധിക്യതരോ ഇക്കാര്യത്തിൽ അന്വേഷണത്തിന് തുനിഞ്ഞിട്ടില്ലെന്നത് വേദനാജനകമാണ്.
വലിയതുക ലഭിക്കുമെന്ന് മോഹിപ്പിച്ച് ഓൺലൈൻ ചൂതാട്ടത്തിലൂടെ കമ്പനികൾ തട്ടിയെടുക്കുന്നത് ലക്ഷങ്ങളാണ്. ഇതിന് ഇരകളാവുന്നതാവട്ടെ കുട്ടികളുൾപ്പെടെ ഒട്ടേറെപേർ. അപമാനവും ഭയവും കാരണം പരാതികൾ ഉയരുന്നില്ല എന്നുമാത്രം. മഹാമാരിയുടെ കാലത്ത് വീടിനകത്തുവെച്ചാണ് ആളുകൾ ഓൺലൈൻ ചതിക്കുഴിയിൽ അകപ്പെടുന്നത്.
ഓൺലൈൻ ആപ്പുകളും വെബ്സൈറ്റുകളും വഴിയാണ് ആളുകളെ പണംവെച്ചുള്ള ചീട്ടുകളിക്ക് പ്രേരിപ്പിക്കുന്നത്. റമ്മി സർക്കിൾ, സിൽക്ക് റമ്മി, ജംഗിൾ റമ്മി, റമ്മി ഗുരു, റമ്മി കൾച്ചർ, റമ്മി പാഷൻ, എയ്സ് റമ്മി തുടങ്ങിയ ആപ്പുകൾ വഴിയാണ് പണം തട്ടുന്നത്. ഒരേ സമയം 50 രൂപ മുതൽ 50,000 രൂപവരെ നിക്ഷേപിച്ച് സ്മാർട്ട് ഫോണോ, കംപ്യൂട്ടറോ ഉപയോഗിച്ച് വീട്ടിലിരുന്ന് കളിയിൽ പങ്കാളിയാവുന്നതാണ് ഓൺലൈൻ ചൂതാട്ട രീതി. എ.ടി.എം. കാർഡ്, പണം അയക്കുന്ന ആപ്പുകൾ എന്നിവവഴിയും പണം ഇതിൽ ഇടാവുന്നതാണ്.
വീട്ടിലും പൊതുസ്ഥലത്തും പണംവെച്ചുള്ള ചീട്ടുകളി നിയമവിരുദ്ധമെന്നിരിക്കെയാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവിന്റെ പിൻബലത്തിൽ കേരളത്തിൽ ഓൺലൈൻ ചീട്ടുകളിയിലൂടെ കമ്പനികൾ ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. അസാം, സിക്കിം, നാഗാലാൻഡ്, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ട്. ഒരാൾ മറ്റൊരാളെ ചേർത്താൽ അവർക്ക് പ്രത്യേക വാഗ്ധാനങ്ങൾ നൽകിക്കൊണ്ടാണ് കൂടുതൽ ആളുകളെ ഇതിൽ കണ്ണിയാക്കുന്നത്. പണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എത്രയെന്ന് പോലും നോക്കാതെ കളി തുടരുമ്പോഴേക്കും അക്കൗണ്ട് കാലിയാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ആയിരങ്ങൾമുതൽ നാലുലക്ഷംവരെ നഷ്ടമായ ഒട്ടേറെപേർ നാട്ടിൻപുറങ്ങളിൽ പോലുമുണ്ട്.
കളിക്കാർ പരസ്പരം കാണാതെയാണ് ചീട്ടുകളി നടത്തുന്നത്. തരുന്ന ചീട്ട് ഉപയോഗിച്ച് കളിക്കുന്ന ആളുകൾ ചതിക്കപ്പെടാൻ സാധ്യത വളരെയേറെയുണ്ട്. കമ്പനി അവരുടെ ആളുകൾക്ക് ആവശ്യമായ ചീട്ട് നൽകി അവരെ വിജയിപ്പിക്കുകയാണെന്നാണ് വലിയതുക നഷ്ടപ്പെട്ട് ഇരയായ ചാലക്കുടി സ്വദേശി യുവാവിന്റെ സാക്ഷ്യപ്പെടുത്തൽ.
ഇന്ത്യയിൽ, കാർഡ് ഗെയിമുകൾ ജനപ്രിയമാണ്, നൂറ്റാണ്ടുകളായി നമ്മുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണത്. ഒരുപക്ഷേ രാജ്യത്തെ എല്ലാ വീടുകളിലും ചീട്ടുകളിയെ ചുറ്റിപ്പറ്റിയുള്ള രസകരമായ കുടുംബ കഥകളുണ്ടാവും. ദശലക്ഷക്കണക്കിന് ആളുകൾ റമ്മി കാണുകയും മുതിർന്നവരോടൊപ്പം ഗെയിം കളിക്കുകയും ചെയ്തിട്ടുണ്ട്.അവധിക്കാലങ്ങളിൽ നമ്മൾ കസിന്സിന്റെയൊപ്പവും കൂട്ടുകാരുടെയൊപ്പവും ചീട്ടുകളിച്ചത് മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. രാജ്യത്ത് റമ്മി പോലുള്ള പരമ്പരാഗത കാർഡ് ഗെയിമുകളോടുള്ള ഈ ആഴമായ സ്നേഹമാണ് ഗെയിമിംഗ് വ്യവസായത്തിന്റെ വളർച്ചയെ ഒരു പരിധി വരെ നയിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാള്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ. സുഹൃത്ത് പറഞ്ഞപ്പോള്‍ രസത്തിന് തുടങ്ങിയ കളി. കയ്യിലുള്ളത് തീര്‍ന്നപ്പോള്‍ കടം വാങ്ങിയും കളിച്ചു. അതും പോയി. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മാത്രം നഷ്ടപ്പെട്ടത് 2 ലക്ഷം രൂപ. പണം പോയതിനുമപ്പുറം കളിക്ക് അടിമയാകുന്നതിലുള്ള മാനസിക സംഘര്‍ഷം വേറെ. കൂലിവേല എടുത്തും ചിട്ടിപിടിച്ചും തരപ്പെടുത്തി, വീട് വയ്ക്കാന്‍ വച്ചിരുന്ന രണ്ടര ലക്ഷം രൂപ മറ്റൊരാള്‍ക്കും നഷ്ടപ്പെട്ടു.
പത്ത് മിനിറ്റിനുള്ളില്‍ പതിനായിരങ്ങള്‍ പോയ കഥയും ചിലര്‍ക്ക് പറയാനുണ്ട്. ഇത് ഒന്നോ രണ്ടോപേരുടെ അനുഭവമല്ല. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചിരുന്നതോടെ സമയം പോകാനും പണം കണ്ടെത്താനും റമ്മി ഗെയികളെ ആശ്രയിച്ച ആയിരങ്ങളുടെ പണമാണിങ്ങനെ കമ്പനികള്‍ അടിച്ചുമാറ്റിയത്. ലക്ഷങ്ങള്‍ പോയിട്ടും മാനഹാനി മൂലം പുറത്തുപറയാത്തവര്‍ നിരവധി.
ഇപ്പോൾ ഓൺലൈനിയിട്ടുള്ള റമ്മി ഗെയിമുകളും തരംഗമാണ്. അത് വരും വർഷങ്ങളിൽ പതിന്മടങ്ങ് വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതിനുനുള്ള കാരണങ്ങൾ ഇവയാണ്.
ഗെയിമുമായുള്ള പരിചയം
മിക്ക ഇന്ത്യക്കാരും റമ്മി ഗെയിം കളിച്ച് വളർന്നവരാണ്. റമ്മിയെ ഡിജിറ്റൽ രംഗത്തേക്ക് മാറ്റിയതോടെ ഗെയിമിന് കൂടുതൽ പ്രചാരം ലഭിച്ചു. ഗെയിമിനെക്കുറിച്ചുള്ള ആളുകളുടെ പരിചയം റമ്മി കളിക്കാരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതിന് കാരണമായി.
എളുപ്പമുള്ള നിയമങ്ങളും ലളിതമായ കളിയും
നിങ്ങൾ ഗെയിമിൽ പുതിയ ആളാണെങ്കിൽപ്പോലും, നിങ്ങൾക്ക് നിയമങ്ങൾ നിമിഷങ്ങൾക്കകം പഠിച്ച് ഉടനടി കളിക്കാൻ ആരംഭിക്കാം. നിങ്ങൾക്ക് ലഭിക്കുന്ന കാർഡുകളിൽ നിന്ന് ഉചിതമായ സെറ്റുകളും സീക്വൻസുകളും രൂപീകരിക്കുന്നതിന് നിങ്ങളുടെ യുക്തിയും യുക്തിസഹവുമായ കഴിവുകൾ ഉപയോഗിക്കുന്ന ഒരു കാർഡ് ഗെയിമാണിത്.
വിശാലമായ സാമൂഹിക സ്വീകാര്യത
പോക്കർ കളിക്കൽ പോലുള്ള കാർഡ് ഗെയിമുകൾ ചൂതാട്ടമോ വാതുവയ്പ്പോ ആയിട്ടാണ് നമ്മുടെ സമൂഹം കാണുന്നത്. റമ്മി പോലുള്ള നൈപുണ്യ ഗെയിമുകളിൽ നിങ്ങളുടെ മാനസികവും വൈജ്ഞാനികവും യുക്തിസഹവുമായ കഴിവുകൾ അളക്കുന്നു, അതിനാൽ അവക്ക് ഇന്ത്യയിൽ മികച്ച സാമൂഹിക. സ്വീകാര്യത ലഭിക്കുന്നു.
ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സുനിൽ വളയംകുളം മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പോലീസ് മേധാവിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
ഓൺലൈൻ ചൂതാട്ടം ഗെയിം ഓഫ് സ്കിൽ എന്നുപറഞ്ഞാണ് കോടതിയിൽനിന്നും ഇവ നിയമവിധേയമാക്കിയത്. നീതിപീഠങ്ങൾ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ ഇനിയും അനേകർക്ക് പണവും ജീവനും നഷ്ടമാകും. തട്ടിപ്പ് സമൂഹത്തിൽ സ്റ്റാറ്റസിൻ്റെ പ്രതിരൂപമായി മാറും.