ഇന്ത്യയിൽ കൊറോണ ശക്തമായി ബാധിക്കാം; ചേരികളിൽ വ്യാപനത്തിന് കുടുതൽ സാധ്യത ; ഐസിഎംആർ

ന്യൂഡെൽഹി: ഇന്ത്യയിൽ നഗരങ്ങളിലെ ചേരികളിൽ വൈറസ് വ്യാപനത്തിന് സാധ്യത കുടുതലാണെന്നും മൊത്തം ജനസംഖ്യയിൽ വലിയ വിഭാഗത്തിന് കൊറോണ ബാധിക്കാനുളള സാധ്യതയുണ്ടെന്നും ഐസിഎംആർ മുന്നറിയിപ്പ്. കൊറോണ പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കാമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സർവേ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന വാർത്താസമ്മേളനത്തിലാണ് ഐസിഎംആർ ഈ മുന്നറിയിപ്പ് നൽകിയത്.

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായിരുന്നു. അതിനാൽ ലോക്ക്ഡൗൺ നിർദേശങ്ങൾ സംസ്ഥാനങ്ങൾ കർശനമാക്കണം. ഏതെങ്കിലും തരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ അത് ഗുരുതരമായ പ്രത്യഘാതങ്ങൾക്ക് വഴിവെക്കും.
ഇന്ത്യ എന്നുപറയുന്നത് വളരെ വലിയ ഒരു രാജ്യമാണ്. എന്നാൽ രാജ്യത്തെ വൈറസ് വ്യാപനം കുറവാണ്. ഇന്ത്യയിൽ ഇതുവരെ സാമൂഹവ്യാപനം ഉണ്ടായിട്ടില്ല. ജനസംഖ്യ അനുസരിച്ച് ലോകത്ത് ഏറ്റവും കുറവ് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇന്ത്യയിലാണെന്നും ഐസിഎംആർ പറഞ്ഞു.

രാജ്യത്ത് രോഗമുക്തരാകുന്നവർ 49.21 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ കുറവാണ്.

സംസ്ഥാനങ്ങൾ നൽകുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം രോഗികളുടെ എണ്ണവും മരണനിരക്കും സംബന്ധിച്ച ഡേറ്റ തയ്യാറാക്കുന്നത്. മരണനിരക്ക് കണക്കാക്കുന്നതിന് സംസ്ഥാന സർക്കാർ രണ്ടോ മൂന്നോ ദിനം എടുക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിന്റെ കണക്കുകളിലും അതുസംബന്ധിച്ച വ്യതിയാനങ്ങൾ ഉണ്ടാകും.

ഡൽഹിയിലെ മരണനിരക്ക് കുറച്ചുകാണിക്കുന്നതായി ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം തയ്യാറാക്കുന്ന ഡേറ്റകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ലവ് അഗർവാൾ. നിലവിൽ കൊറോണ രോഗികൾക്കായുള്ള കിടക്കകളുടെ അഭാവം നേരിടുന്നില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠനം തുടരുകയാണെന്ന് അറിയിച്ച ആരോഗ്യമന്ത്രാലയം ഇതുവരെ ഇവിടങ്ങളിലെ വിവരം പുറത്തുവിട്ടിട്ടില്ല.