രോഗമുക്തി നേടിയ വ്യക്തിക്ക് പകരം കൊറോണ രോഗിക്ക് സിസ്ചാർജ്; പുലിവാല് പിടിച്ച് മംഗല്‍ദായി സിവിൽ ആശുപത്രി

ദിസ്പുർ: ഒരേ പേരിലുള്ള കൊറോണ രോഗികൾ ദറാംഗ് ജില്ലയിലെ മംഗല്‍ദായി സിവിൽ ആശുപത്രി അധിക്യതരെ വട്ടം കറക്കി. രോഗമുക്തി നേടിയ വ്യക്തിക്ക് പകരം അതേ പേരിലുള്ള കൊറോണ രോഗിയെ ആശുപത്രിയിൽ നിന്നും വിട്ടയച്ചാണ് അധിക്യതർ പുലിവാല് പിടിച്ചത്. അസമിലെ ദറാംഗ് ജില്ലയിലെ മംഗല്‍ദായി സിവിൽ ആശുപത്രി ആശുപത്രിയിലാണ് സംഭവം.

രണ്ടു രോഗികൾക്കും ഒരേ പേര് ആയതിനാലാണ് തെറ്റ് പറ്റിയതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ദൽഗാവ് സ്വദേശികളായ ഇവരിൽ ഒരാൾ ജൂൺ 3 നും രണ്ടാമൻ ജൂൺ 5 നുമാണ് ആശുപത്രിയിൽ പ്രവേശിച്ചത്.

രോഗ മുക്തി നേടിയ 14 പേരെ വിട്ടയക്കാൻ നൽകിയ പട്ടികയ്ക്ക്‌ സർക്കാർ അനുമതി നൽകിയതോടെ പട്ടികയിലുള്ള ആറ് പേരെ ആദ്യം വിട്ടയച്ചിരുന്നു. ആശുപത്രി വിട്ട കൊറോണ രോഗി ബുധനാഴ്ച രാത്രി വീട്ടിൽ എത്തിയതിനു ശേഷമാണ് ആശുപത്രി അധികൃതർക്ക് തെറ്റ് മനസ്സിലായത്. ഇതെ തുടർന്ന് വ്യാഴാഴ്ചയോടെ ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ വീടും പരിസരവും നിലവിൽ കണ്ടെയ്ന്‍മെന്റ് സോൺ ആണ്. അടുത്ത ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്രവം പരിശോധനക്കയച്ചതായും അധികൃതർ വ്യക്തമാക്കി.

ഇതെ തുടർന്ന് ജില്ലാ ഭരണ കൂടം സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.