ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; പുതിയ രോഗബാധിതർ ദിവസേന 10000 കടന്നു

ന്യൂഡെല്‍ഹി: ദിവസേന കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം. വെള്ളിയാഴ്ച മാത്രം പുതിയ രോഗ ബാധിതർ പതിനായിരം കടന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ 10,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 396 പേര്‍ മരിച്ചു. ഇതോടെ കൊറോണ പിടിപെട്ടു മരിച്ചവരുടെ എണ്ണം 8498 ആയി.

രാജ്യത്ത് ആകെ കൊറോണ ബാധിതര്‍ 2,97,535 ആണ്. ഇതില്‍ 14,7195 പേര്‍ രോഗമുക്തി നേടി. 1,41,842 പേരാണ് ചികിത്സയിലുള്ളത്. ആദ്യമായാണ് ഒറ്റ ദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരം കടക്കുന്നത്.

കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലമത് എത്തി. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ളത്. ഇന്നലെ രാത്രി തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ബ്രിട്ടനില്‍ 2,91,588 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് 24ന് കൊറോണ രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ. 18 ദിവസം കൊണ്ടാണ് നാലാമതെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഒന്‍പതിനായിരത്തിലധികം കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കൊറോണ ബാധിച്ചേക്കാമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അറിയിച്ചു. കൊറോണ ബാധ മാസങ്ങള്‍ നീണ്ടുനില്‍ക്കും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതല്‍. നിലവില്‍ മരണ നിരക്ക് കുറവാണ്. ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും ഐസിഎംആര്‍ അറിയിച്ചു.