കൊറോണ വ്യാപനം ആശങ്കാജനകം; ഇന്ത്യയിൽ രോഗികളും മരണവും പെരുകുന്നു

ന്യൂഡെല്‍ഹി : കൊറോണ വ്യാപനം ആശങ്കാജനകമായി ഉയരുന്നതിനിടെ ഇന്ത്യയിലെ മരണസംഖ്യയിലും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊറോണ മരണം 8102 ആയി. മരണസംഖ്യ വരും ദിവസങ്ങളിൽ കൂടുമെന്നാണ് സൂചന.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണം ആദ്യമായി 300 കടക്കുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊറോണ ബാധിച്ചവരുടെ എണ്ണം 9996 ആയി. ഇതോടെ ആകെ കൊറോണ ബാധിതര്‍ 2,86,579 ആയി ഉയര്‍ന്നു. 1,41,029 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും ഡെൽഹിയിലും രോഗവ്യാപനവും മരണവും ഏറെ വർധിച്ചിരിക്കയാണ്. മഹാരാഷ്ട്രയിൽ രോഗികൾ ഒരു ലക്ഷത്തിനടുത്ത് എത്തിക്കഴിഞ്ഞു. മരണസംഖ്യയും കൂടുകയാണ്. രാജസ്ഥാനിൽ രോഗികൾ 10000 കടന്നതോടെ ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചിരിക്കയാണ്. ഇത് വീണ്ടും ദീർഘിപ്പിക്കുമെന്നാണ് സൂചന.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,808 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.