ജയ്പൂർ: നഗരത്തിലെ ഒരു കുടുംബത്തിലെ 26 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച കുടുംബത്തിലെ ഒരാള്‍ക്കു കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്നാണ് വീട്ടിലെ എല്ലാവരെയും പരിശോധിച്ചത്. ഇതോടെയാണ് എല്ലാവരും കൊറോണ ബാധിതരാണെന്നു കണ്ടെത്തിയത്. ജയ്പൂരിലെ പിങ്ക് സിറ്റിയിലുള്ള കുടംബമാണ്. എല്ലാവരേയും ആശുപത്രിയിലേക്കു മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
രാജസ്ഥാനിലെ കൊറോണ ബാധിതരുടെ എണ്ണം 11,020 ആയി ഉയര്‍ന്നു. ഇതില്‍ 2,321 കേസുകളും ജയ്പുരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള സ്ഥലങ്ങളിലൊന്നാണ് ജയ്പൂരിലെപിങ്ക് സിറ്റി.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 9987 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ ആകെ രോഗികളുടെ എണ്ണം 2,66,598 ആയി ഉയര്‍ന്നു. 266 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചത്. ഇതോടെ മരണസംഖ്യ 7466 ആയി. അഞ്ച് ദിവസത്തിനിടെയാണ് അരലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചത്.
1,29,917 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,29,214 ആയി ഉയര്‍ന്നു.