നടി മേഘ്നരാജ് നാല് മാസം ഗർഭിണി; ചിരഞ്ജീവി സർജയുടെ വേർപാടിൽ കുടുംബം

ബെംഗളൂരു: നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബം. ഭര്‍ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആണ്. നടി നാല് മാസം ഗർഭിണിയായിരുന്നു എന്നതാണ് ഇതിൽ ഏറെ വേദനിപ്പിക്കുന്ന വാർത്ത. പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്.

രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയില്‍ അരേങ്ങറിയത്. സീബ്രാ വരകൾ ആണ് മേഘ്ന അവസാനം അഭിനയിച്ച മലയാളചിത്രം. ചിരഞ്ജീവി സർജയുമായുള്ള വിവാഹത്തിനു ശേഷം കന്നഡ സിനിമകളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്.