ഉത്തര്‍പ്രദേശിലും കൊറോണ അതിവേഗം പടരുന്നു; രോഗികൾ പതിനായിരം കടന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കൊറോണ രോഗവ്യാപനം അതിവേഗം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം പതിനായിരം കടന്ന രാജ്യത്തെ ആറാമത്തെ സംസ്ഥാനമായി യുപി മാറി. ഇതുവരെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 10,536 ആണ്.

ഇന്നലെ മാത്രം യുപിയില്‍ കൊറോണ ബാധിച്ച് മരിച്ചത് 18 പേരാണ്. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണം 275 ആയി ഉയര്‍ന്നു. മരണനിരക്കിലും രാജ്യത്ത് ആറാംസ്ഥാനത്താണ് യുപി. 3060 പേര്‍ മരിച്ച മഹാരാഷ്ട്രയാണ് ഏറ്റവുമധികം കൊറോണ മരണമുണ്ടായ സംസ്ഥാനം. ഗുജറാത്ത് 1249, ഡല്‍ഹി 761, മധ്യപ്രദേശ് 412, ബംഗാള്‍ 396 എന്നിങ്ങനെയാണ് മരണനിരക്ക്. കൊറോണ ബാധിതരുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍.

മഹാരാഷ്ട്രയില്‍ 85,975 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 31,667, ഡല്‍ഹി 27,654, ഗുജറാത്ത് 20,070, രാജസ്ഥാന്‍ 10,599 എന്നിങ്ങനെയാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗികളുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ യുപിയില്‍ ഹോട്ട്‌സ്‌പോട്ടുകളും ഉയര്‍ന്നു. 1905 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. 3900 ലേറെ പേര്‍ക്കാണ് ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ചതെന്ന് യുപി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി വ്യക്തമാക്കി.

കേരളം, ഡല്‍ഹി, മഹാരാഷ്ട്ര അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയതോടെയാണ് സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത്. ഇതുവരെ നാട്ടിലെത്തിയ 3000 ഓളം പേര്‍ക്കാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഒരു ദിവസം നടത്തുന്ന 11,000 ടെസ്റ്റുകള്‍, ഈ മാസം 15 മുതല്‍ 15,000 ‘ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി യുപി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍പ്രസാദ് അറിയിച്ചു.