ഡെല്‍ഹിയിലെ ആശുപത്രികളിൽ സംസ്ഥാനത്തുള്ളവർക്ക് മാത്രം ചികിൽസ : കേജരിവാൾ

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ആശുപത്രികള്‍ ഒഴികെയുള്ള മറ്റ് ആശുപത്രികളിൽ ഡെല്‍ഹിക്കാർക്കു മാത്രമേ ചികിൽസ ലഭ്യമാക്കൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. മറ്റ് ആശുപത്രികളില്‍ ലഭിക്കാത്ത ചികിത്സകള്‍ നല്‍കുന്ന ആശുപത്രികള്‍ ഒഴികെ മറ്റ് എല്ലാ സ്വകാര്യ ആശുപത്രികളിലും തലസ്ഥാനത്തുള്ളവര്‍ക്ക് മാത്രമേ ചികിത്സ നല്‍കൂ.

കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും.
ഡെല്‍ഹിഅതിര്‍ത്തികള്‍ തുറക്കുന്നതിനോടൊപ്പം നാളെ മുതല്‍ റെസ്‌റ്റോറന്റുകളും മാളുകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വരും ദിവസങ്ങളില്‍ കോറോണ ചികിത്സക്കായി ആശുപത്രികളായി മാറ്റേണ്ടി വന്നാല്‍ ഹോട്ടലുകള്‍ വീണ്ടും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ അതിര്‍ത്തി തുറക്കുമ്പാള്‍ നിരവധി ആളുകള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ഡെല്‍ഹിയിലേക്കു ചികിത്സക്കായി എത്തും. നാളെ മുതല്‍ ഡെല്‍ഹിയിലെ അതിര്‍ത്തികള്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കും തുറക്കുക. ദേശീയ തലസ്ഥാനത്തെ ആശുപത്രികളിലെ 60-70 ശതമാനം രോഗികള്‍ ഡെല്‍ഹിക്ക് പുറത്തു നിന്നുള്ളവരാണ്. ഡെല്‍ഹിയില്‍ കൊറോണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കുമായി ആശുപത്രികള്‍ തുറന്നാല്‍ ഡെല്‍ഹിയിലെ ആളുകളെ ചികിത്സിക്കാന്‍ മതിയായ സൗകര്യം ഇല്ലാതെ വരും. അതിനാല്‍ ഡെല്‍ഹിയിലെ 90 ലേറെ ആശുപത്രികളില്‍ സംസ്ഥാനത്തെ ജനങ്ങൾക്ക് സംവരണം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.