ചികിത്സയ്ക്ക് പണം അടച്ചില്ല: ആശുപത്രി അധികൃതർ വയോധികന്റെ കാലും കൈയ്യും കെട്ടിയിട്ടു

ഭോപ്പാൽ: ചികിത്സയ്ക്ക് പണം അടയ്ക്കാത്തതിന്റെ പേരിൽ രോ​ഗിയായ വയോധികന്റെ കാലും കൈയ്യും കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. ആശുപത്രി കിടക്കയിലാണ് കെട്ടിയിട്ടത്. 11000 രൂപയുടെ ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് വയോധികനെ ആശുപത്രി അധികൃതർ കിടക്കയില്‍ കെട്ടിയിട്ടതെന്ന് ഇയാളുടെ കുടുംബം ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ, വിശദീകരണവുമായി ആശുപത്രി അധികൃതര്‍ ന്യായീകരണവുമായി രംഗത്തുവന്നു. വയോധികന് പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ‘ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,’ ആശുപത്രിയിലെ ഒരു ഡോക്ടര്‍ അറിയിച്ചു.

അതേസമയം ആശുപത്രിയിൽ വയോധികനെ പ്രവേശിപ്പിക്കുന്ന സമയത്ത് 5000 രൂപ അടച്ചിരുന്നതായി കുടുംബാം​ഗങ്ങൾ പറയുന്നു. കുറച്ച് ദിവസം ചികിത്സ നീണ്ടുപോയതിനാൽ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്നും വയോധികന്റെ മകള്‍ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇടപെട്ടു. ആശുപത്രിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.