കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശങ്ങളിൽ എത്തിക്കണം: സുപ്രീംകോടതി

ന്യൂഡെൽഹി : ലോക്ക്ഡൗണിൽ കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം അവരുടെ സ്വദേശങ്ങളിൽ എത്തിക്കണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ചു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി.

കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ.കൗൾ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എല്ലാ കുടിയേറ്റക്കാരെയും നാട്ടിലെത്തിക്കാൻ 15 ദിവസത്തെ സമയം സംസ്ഥാനങ്ങൾക്ക് നൽകുക എന്നതാണ്.  കൂടാതെ മടങ്ങിയെത്തിയ കുടിയേറ്റക്കാർക്കുള്ള തൊഴിൽ, മറ്റ് തരത്തിലുള്ള ആവശ്യങ്ങൾ എന്നിവ സംസ്ഥാനങ്ങൾ രേഖപ്പെടുത്തണം. കൂടാതെ കുടിയേറ്റക്കാരുടെ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം എന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു.

അതേസമയം കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വദേശത്ത് എത്തിക്കുന്നതിനായി ജൂൺ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകൾ ഓടിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതൽ ശ്രമിക് ട്രെയിനുകൾ ഓടിയതെന്നും മെഹ്ത പറഞ്ഞു.

എന്നാൽ ഇനിയും നാട്ടിലെത്താനുള്ള തൊഴിലാളികളുടെ കണക്കും അവർക്ക് പോകാൻ ആവശ്യമായ ട്രെയിനുകളുടെ കണക്കും സംസ്ഥാന സർക്കാരുകൾക്കേ പറയാൻ സാധിക്കൂവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ട്രെയിൻ, ബസ് ചാർജുകൾ ഈടാക്കരുതെന്നും ഭക്ഷണവും മറ്റു സൗകര്യങ്ങളും അധികൃതർ ഉറപ്പാക്കണമെന്നും മെയ് 28-ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.