വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വൈകും; നിയമ പ്രശ്നങ്ങളെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

ന്യൂഡെൽഹി: വ്യവസായി വിജയ് മല്ല്യേ ഇന്ത്യക്ക് വിട്ടു നൽകുന്നത് വൈകും. ഇന്ത്യയിൽ കോടികളുടെ ബാങ്ക് വായ്പ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്ല്യേ ഇന്ത്യക്ക് വിട്ടു നൽകുന്നതിന് ഇനിയും നിയമ പ്രശ്നങ്ങളുണ്ടെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വ്യക്തമാക്കി. നിയമപ്രശ്നങ്ങൾ പരിഹരിക്കാതെ മല്യയെ ഇന്ത്യയ്ക്ക് കൈ മാറാൻ സാധിക്കില്ലെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പറഞ്ഞു. എൻടിവിയോടായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പ്രതികരണം.

മല്യയെ കൈമാറുന്നതിന് മുമ്പായി പരിഹരിക്കേണ്ട നിയമപരമായ ചില പ്രശ്നങ്ങൾ ഉണ്ട്. യുണൈറ്റഡ് കിംഗ്ഡം നിയമപ്രകാരം, അത് പരിഹരിക്കുന്നതുവരെ കൈമാറ്റം നടക്കില്ല. ഇക്കാര്യം രഹസ്യാത്മകമാണെന്നും ഞങ്ങൾക്ക് വിശദമായി പറയാൻ കഴിയില്ലെന്നും ഹൈകമ്മീഷൻ പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ എത്ര സമയമെടുക്കുമെന്ന് ഞങ്ങൾക്ക് കണക്കാക്കാൻ കഴിയില്ല. കഴിയുന്നതും വേഗം ഇത് കൈകാര്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരെ യുകെയിൽ അപ്പീൽ നൽകുന്നതിന് മല്യക്ക് മെയ് മാസത്തിൽ ബ്രിട്ടീഷ് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. കൈമാറൽ നിയമമനുസരിച്ച്, കൈമാറുന്ന രേഖകളിൽ ഒപ്പിടാനുള്ള യുകെ ആഭ്യന്തര കാര്യാലയ സെക്രട്ടറിയുടെ സമയപരിധി 2020 ജൂൺ 11 ന് അവസാനിക്കും. എന്നിരുന്നാലും, ഇക്കാര്യത്തിൽ യുകെ അധികൃതരിൽ നിന്ന് ഇതുവരെ ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ല.

സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്യയുടെ അനുമതി നിഷേധിച്ചതോടെ മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ സർക്കാർ തുടങ്ങിയതായി ദേശീയ വാർത്താ ഏൻസികൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.