വെട്ടുകിളി ആക്രമണം നേരിടുന്ന സംസ്ഥാനങ്ങൾക്ക് സഹായം നൽകുമെന്ന് മോദി

ന്യൂഡെൽഹി: വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തിലൂടെയാണ് ഈ പ്രഖ്യാപനം.

രാജ്യത്തിന്റെ പലഭാഗങ്ങളും വെട്ടുകിളി ആക്രമണങ്ങൾ നേരിടുന്നുണ്ട്. ചെറിയ ഒരു ജീവിക്ക് എത്ര അപകടം ഉണ്ടാക്കാനാവുമെന്നാണ് ഇത് നമ്മളെ ഓർമപ്പെടുത്തുന്നത്. നൂതനവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കോറോണക്ക് പിന്നാലെയാണ് കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യയിലെ കൃഷിയിടങ്ങളിലേക്കാണ് വെട്ടുകിളികൾ എത്തുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, സംസ്ഥാനങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് വെട്ടുക്കിളികളുടെ വരവിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം വെട്ടുകിളി നിയന്ത്രണ പ്രവർത്തനങ്ങൾക്ക്‌ സഹായവുമായി കൃഷി, കർഷകക്ഷേമ മന്ത്രാലയം രംഗത്ത്‌ വന്നിട്ടുണ്ട്‌.