ആൾക്കൂട്ട ആക്രമണം; അസമിൽ 50 ലേറെ പേർ ചേർന്ന് യുവാവിനെ മർദിച്ചു കൊന്നു

ജോർഘട്ട്: ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് അസമിൽ ഒരാൾ കൊല്ലപ്പെട്ടു. അസമിലെ ജോർഘട്ട് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്കുനേരെ ആൾക്കൂട്ട ആക്രമിക്കുകയായിരുന്നു. ഇതിൽ
ദേബാശിഷ് ഗോഗോയ് എന്നയാൾ ആക്രമണത്തിൽ മരിച്ചു. ഇയാളുടെ സുഹൃത്ത് ആദിത്യ ദാസിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്

പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങിയ യുവാക്കളുടെ വാഹനം തേയില ഫാക്ടറിക്ക് സമീപത്തുവച്ച് രണ്ട് സ്ത്രീകളെ ഇടിച്ചതാണ് ആൾക്കൂട്ട ആക്രമണത്തിന് കാരണമായത്. അതേസമയം ഈ രണ്ട് സ്ത്രീകൾക്കും കാര്യമായ പരിക്കുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ ജനക്കൂട്ടം ഉടൻതന്നെ സംഘടിച്ചു എത്തുകയും ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെയും മർദ്ദിക്കുകയും ആയിരുന്നു. 50 ഓളം പേർ ചേർന്നാണ് ഇവരെ മർദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

വിവരമറിഞ്ഞ് ദേബാശിഷ് ഗോഗോയിയുടെ പിതാവും സഹോദരിയും അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപ്പോഴും അക്രമികൾ ഇവരെ ഉപദ്രവിക്കുകയിരുന്നു. ഏറെനേരം കഴിഞ്ഞാണ് രണ്ട് യുവാക്കളെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ആൾക്കൂട്ടം ബന്ധുക്കളെ അനുവദിച്ചത്. ഈ സമയം പോലീസ് സ്ഥലത്തെത്തിയാണ് രണ്ട് യുവാക്കളെയും ആശുപത്രിയിൽ എത്തിച്ചത്.

ഗബരു പർബത് ടീ ഗാർഡൻ ഫാക്ടറിക്ക് മുന്നിൽ വെച്ചു ഞങ്ങൾ തിരിച്ചു വരുന്ന വഴി ഒരു അപകടം സംഭവിച്ചു. ഞങ്ങളുടെ സ്കൂട്ടി രണ്ട് പ്രാദേശിക സ്ത്രീകളെ തട്ടി. ഒരു വലിയ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി, അവർ ഞങ്ങളെ തല്ലാൻ തുടങ്ങി എന്നാണ് ആദിത്യ ദാസ് പറഞ്ഞത്.

അതേസമയം അതേസമയം, ഇക്കാര്യം പോലീസ് അന്വേഷിക്കുകയാണെന്ന് ദേബരാപാർ പോലീസ് പോസ്റ്റിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.