പാസഞ്ചര്‍ ട്രെയിനുകള്‍ ഉടൻ ഓടിക്കരുത്; കേന്ദ്രത്തോട് സംസ്ഥാനങ്ങളുടെ അഭ്യർഥന

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനങ്ങള്‍. ഒരു മാസത്തേക്കെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് മാറ്റിവയ്ക്കണമെന്ന് ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

കുടിയേറ്റത്തൊഴിലാളികളെ എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിന്‍ സര്‍വീസ് ഒഴികെയുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ മാറ്റിവയ്ക്കാനാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. കുടിയേറ്റത്തൊഴിലാളികളെ പരിശോധിക്കുകയും ക്വാറന്റൈനില്‍ വിടുകയും ചെയ്യുന്നതിലാണ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. പാസഞ്ചര്‍ സര്‍വീസുകള്‍ തുടങ്ങുന്നതിലൂടെ അത്തരം യാ്ത്രക്കാരെക്കൂടി ഇതിനൊപ്പം പരിശോധിക്കുകയും ക്വാന്റൈന്‍ സംവിധാനം ഒരുക്കുകയും വേണ്ടിവരും. ഇതു സംസ്ഥാനങ്ങള്‍ക്കു മേല്‍ അധിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.