ന്യൂഡെൽഹി: ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീളുമെന്ന് ഉറപ്പായതോടെ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകും. എന്നാൽ ആരാധനാലയങ്ങളിലെ ചടങ്ങുകൾക്ക് പങ്കാളിത്തം നിയന്ത്രിക്കും.
അമ്പതു മുതൽ നൂറു വരെ പേർക്ക് മത ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള കർശന നിർദേശങ്ങൾ ഇക്കാര്യത്തിലുണ്ടാകും. വിവിധ മത നേതാക്കളും ചില സംസ്ഥാനങ്ങളും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കർണാടകം അടക്കം ചില സംസ്ഥാനങ്ങൾ മെയ് 31 ന് ശേഷം ആരാധനാലയങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ മദ്യവിൽപനയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താകും മതപരമായ ചടങ്ങുകൾക്ക് അനുമതി നൽകുക. എന്നാൽ മതസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ലെന്നാണ് സൂചന. ആരാധനാലയങ്ങൾ തുറക്കുന്നതിനൊപ്പം നൽകുന്ന ഇളവ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
ക്യാമ്പുകളോ സമ്മേളനങ്ങളോ പോലുള്ള ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കൂടി ചേരലുകൾക്ക് നിയന്ത്രണം തുടരും. ഇത്തരം പരിപാടികൾ ലോക്ക് ഡൗൺ മാറ്റിയാലും കൊറോണ പ്രതിരോധത്തിന് മരുന്ന് കണ്ടു പിടിക്കുന്നത് വരെ നിയന്ത്രിക്കുമെന്നാണ് അറിയുന്നത്.
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു.