മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊറോണ

ഇസ്ലാമാബാദ് : മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊറോണ രോഗബാധ. കൊറോണ രോ​ഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൗഫീകിന് രോഗം സ്ഥിരീകരിച്ചത്. പാക് മാധ്യമമായ ജിയോ ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ച്ചയാണ് തൗഫീക് പരിശോധനക്ക് വിധേയനായത്. പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ തൗഫീഖ് തന്നെ സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു.

തൗഫീഖ് ഉമര്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
ഓപണറായ തൗഫീക് ഇടംകൈ ബാറ്റ്‌സ്മാനാണ്. പാകിസ്താനില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് തൗഫീക്. നേരത്ത മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ സഫര്‍ സര്‍ഫറാസിനാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 50കാരനായ സഫര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
38കാരനായ തൗഫീക് ഉമര്‍ പാകിസ്താനുവേണ്ടി 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2001ലാണ് ലാഹോര്‍ കാരനായ തൗഫീക് ക്രിക്കറ്റില്‍ അരങ്ങേറിയത്.