കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തം നാടുകളിലേക്ക് നടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയതിന്റെ പൂര്‍ണ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്.

അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടും, നടക്കാന്‍ പ്രേരിപ്പിച്ച സാചര്യങ്ങളുമാണ് തൊഴിലാളികള്‍ ഡോക്യുമെന്ററിയില്‍ പറയുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യം അടച്ചുപൂട്ടിയാല്‍ തങ്ങള്‍ എന്തുചെയ്യുമെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ലെന്നും നടന്ന തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും ഇവര്‍ പറയുന്നു.

ഭക്ഷണവും പണവുമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് തങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിതരായതെന്ന് യുപിയിലെ തൊഴിലാളികള്‍ പറയുന്നു. ഹരിയാനയില്‍ നിന്നും യുപിയിലേക്ക് നടന്ന തൊഴിലാളികളുമായാണ് രാഹുല്‍ ആശയവിനിമയം നടത്തിയത്.

പതിനായിരക്കണക്കിന് തൊഴിലാളികളാണ് സ്വന്തം നാട്ടിലെത്താനായി ഇപ്പോഴും നടക്കുന്നത്. ഇവരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാനായി കോണ്‍ഗ്രസ് ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിരവധിപേരാണ് യാത്രാമധ്യേ അപകടത്തില്‍പ്പെട്ടും കുഴഞ്ഞുവീണും മരിച്ചത്.