മദ്യത്തിന് ന്യത്തം ചെയ്ത് ബാർ ഡാൻസർമാരായ സ്ത്രീകൾ ക്വാറന്റീൻ കേന്ദ്രത്തിൽ

ലഖ്നൗ: മദ്യം ആവശ്യപ്പെട്ടു ക്വാറന്റീൻ കേന്ദ്രത്തിൽ നൃത്തം ചെയ്ത് ബാർ ഡാൻസർമാരായ സ്ത്രീകൾ.
ഉത്തർപ്രദേശിലെ മൊറാദാബാദിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് സംഭവം നടന്നത്.

അഞ്ച് ദിവസം മുമ്പ് മുംബൈയിൽ നിന്നെത്തിയ ബാർ ഡാൻസർമാർ ഉൾപ്പെടെ 72 പേരെയാണ് ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ബാർ ഡാൻസർമാർ ആരോഗ്യപ്രവർത്തകരോട് മദ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആരോഗ്യപ്രവർത്തകർ ഇത് നിരാകരിച്ചതോടെ ഇവർ കൂട്ടത്തോടെ നൃത്തം ആരംഭിച്ചു.

തങ്ങളെ വീട്ടിലേക്ക് പറഞ്ഞയക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ക്വാറന്റീൻ കാലാവധിയും കൊറോണ ടെസ്റ്റ് പൂർത്തിയാക്കാതെ വീട്ടിലേക്ക് പോകാനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ ഇവർ ക്വാറന്റീൻ കേന്ദ്രത്തിൽ ബഹളംവെയ്ക്കുകയും നൃത്തം തുടരുകയും ചെയ്തു.

സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി പ്രശ്നങ്ങളുണ്ടാക്കിയതിനാണ് ഇവർക്കെതിരേ കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമുള്ള കുറ്റവും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. ആറ് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.