80 വയസ് കഴിഞ്ഞവർക്ക് വിമാനയാത്ര അനുവദിക്കില്ല; ആരോഗ്യ സേതു ആപ്പ് നിർബന്ധം;മാർഗനിർദേശമായി

ന്യൂഡെൽഹി:ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്ന
സാഹചര്യത്തിൽ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു.

തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാനസർവ്വീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമായും മൊബൈലിൽ ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം. യാത്രക്കാർ എല്ലാവരും
2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം.
എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്.ആരോഗ്യ സേതുവിൽ ഗ്രീൻ മോഡ് അല്ലാത്തവർക്ക് വിമാനത്താവളത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. അതേസമയം 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല.

80 വയസ് കഴിഞ്ഞവർക്ക് യാത്ര അനുവദിക്കില്ല.
വിമാനത്താവളത്തിൽ എത്താനുള്ള സൗകര്യം ഒരുക്കേണ്ടത് സംസ്ഥാനക്കാരാണെന്നും മാർഗരേഖയിൽ പറയുന്നു.
വിമാനത്താവളത്തിൽ ട്രോളികൾ അനുവദിക്കില്ല. എന്നാൽ അത്യാവശ്യം വേണ്ടവർക്ക് ട്രോളി ലഭിക്കും. പാദരക്ഷകൾ അണുവിമുക്തം ആകാൻ സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനിയിൽ മുക്കിയ മാറ്റുകൾ പ്രവേശന കവാടത്തിൽ ഉണ്ടായിരിക്കണം.ബോർഡിങ് കാർഡുകൾ ഉൾപ്പടെ നൽകുന്ന കൗണ്ടറുകൾ ഗ്ലാസ് അല്ലെങ്കിൽ പ്ളെക്സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം. വിമാനത്തവാളത്തിൽ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാൻ അനുവദിക്കാവൂ.

കൂടാതെ എയർപോർട്ടിൽ പരമാവധി ഡിജിറ്റൽ പെയ്മെന്റുകളാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്.