സർക്കാരിന് തിരിച്ചടി: എസ് എസ് എൽസി, പ്ലസ് ടൂ പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡെൽഹി: കേന്ദ്ര ലോക്ക് ഡൗൺ ചട്ടം ലംഘിച്ച് ഈ മാസം 26 മുതൽ നടത്താനിരുന്ന എസ് എസ് എൽസി, പ്ലസ് ടൂ പരീക്ഷകൾ മാറ്റിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന കേന്ദ്ര മാര്‍ഗ നിര്‍ദേശം അനുസരിച്ചാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. നാലാം ഘട്ട ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും പരീക്ഷ നടത്താനുള്ള മുന്‍ തീരുമാനവുമായി മുന്നോട്ടുപോവുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശം. ഇതു നിലനില്‍ക്കെത്തന്നെ കേരളം പരീക്ഷകളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത് വിമര്‍ശനത്തിന് ഇടവച്ചിരുന്നു. നാലാംഘട്ട ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു ശനിയാഴ്ച അവധി പ്രഖ്യാപിച്ചപ്പോള്‍, പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.